SHARE

ഏറെ ഇന്ത്യക്കാരുള്ള രാജ്യമാണ് ന്യൂസിലന്‍ഡ്. മലയാളികളും നിരവധി. ഇപ്പോഴിതാ ക്രിക്കറ്റ് ടീമിലും ഇന്ത്യന്‍ ആധിപത്യം ആയിരിക്കുകയാണ്. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നു ഇന്ത്യന്‍ വംശജരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഓപ്പണര്‍ ജീത്ത് റാവല്‍, ബൗളര്‍മാരായ ഇഷ് സോധി, അജാസ് പട്ടേല്‍ എന്നിവരാണ് പതിനൊന്നംഗ ടീമില്‍ കളിക്കുന്നത്.

റാവലും സോധിയും ടെസ്റ്റ് ടീമില്‍ കുറച്ചുനാളായി ഉണ്ടെങ്കില്‍ അജാസിനിത് കന്നിയങ്കമാണ്. ഗുജറാത്തില്‍ ജനിച്ച് ന്യൂസിലന്‍ഡിലേക്ക് ചേക്കേറിയതാണ് റാവല്‍. ടെസ്റ്റില്‍ ഇപ്പോള്‍ സ്ഥിരം ഓപ്പണറാണ്. ലെഗ്‌സ്പിന്നര്‍ ഇഷ് സോധി പഞ്ചാബിലെ ലുധിയാനയിലായിരുന്നു ജനിച്ചത്. പിന്നീട് കിവിനാട്ടിലേക്ക് കുടിയേറി.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ടീമിലെത്തിയ അജാസ് മുംബൈ സ്വദേശിയാണ്. ആറാം വയസില്‍ കുടുംബത്തിനൊപ്പം ന്യൂസിലന്‍ഡിലെത്തിയതാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്ലങ്കറ്റ് ഷീല്‍ഡ് കപ്പില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതാണ്. മുമ്പും നിരവധി ഇന്ത്യക്കാര്‍ കിവി ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്.