SHARE

ഇന്നലെ വൈകിട്ടാണ് ശ്രീലങ്കക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്‌. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ജൂലൈയിൽ ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കുമെന്നതിനാൽ നേരത്തെ കരുതിയിരുന്നത് പോലെ‌ യുവ താരങ്ങൾക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള ടീമിനെയാണ് ലങ്കൻ പര്യടനത്തിനായി സെലക്ടർമാർ തിരഞ്ഞെടുത്തത്. ‌സീനിയർ ഓപ്പണർ ശിഖാർ ധവാനെ ടീമിന്റെ നായകനായി പ്രഖ്യാപിച്ച അവർ, വലം കൈയ്യൻ പേസറായ ഭുവനേശ്വർ കുമാറിനെ ഉപനായകനായും തിരഞ്ഞെടുത്തു‌‌.

മലയാളികൾക്കും വളരെയധികം അഭിമാനം നൽകുന്ന ടീം തിരഞ്ഞെടുപ്പ് കൂടിയായി ഇന്നലത്തേത്. കാരണം ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് മൂന്ന് മലയാളികൾക്കാണ് വിളി വന്നത്. ഇതിൽ സഞ്ജു‌ സാംസൺ ടീമിലുണ്ടാകുമെന്ന കാര്യം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പാതിമലയാളിയായ ദേവ്ദത്ത് പടിക്കലിന് ടീമിലേക്ക് വിളിയെത്തുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമുണ്ടായിരുന്നില്ല. ഐപിഎല്ലിലും, അഭ്യന്തര ക്രിക്കറ്റിലും കഴിഞ്ഞ കുറച്ച് നാളുകളായി പുറത്തെടുത്തു കൊണ്ടിരിക്കുന്ന സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ദേവ്ദത്ത് പടിക്കലിന് ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ വിളി നേടിക്കൊടുത്തത്.

അതേ സമയം സഞ്ജു സാംസണും, ദേവ്ദത്ത് പടിക്കലും പ്രധാന സ്ക്വാഡിലാണ് ഇടം പിടിച്ചതെങ്കിൽ ടീമിന്റെ നെറ്റ് ബോളർമാരായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരിലും ഒരു മലയാളി താരമുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ച വെക്കുന്ന വലം കൈയ്യൻ ഫാസ്റ്റ് ബോളറായ സന്ദീപ് വാര്യർ‌. നേരത്തെ ഇംഗ്ലണ്ടിനെതിരെ നാട്ടിൽ വെച്ചു നടന്ന ടെസ്റ്റ് പരമ്പരയിലും സന്ദീപിനെ നെറ്റ് ബോളറായി സെലക്ടർമാർ തിരഞ്ഞെടുത്തിരുന്നു‌. അങ്ങനെ മൊത്തം 3 മലയാളി താരങ്ങളാണ് ഇന്ത്യയുടെ യുവ നിരക്കൊപ്പം മരതകദ്വീപിലേക്ക് പറക്കുന്നത്.

അതേ സമയം ലങ്കൻ പര്യടനത്തിനുള്ള‌ ഇന്ത്യൻ ടീമിലിടം പിടിച്ച മൂന്ന് മലയാളി താരങ്ങളും അഭ്യന്തര ക്രിക്കറ്റിൽ വ്യത്യസ്ത ടീമുകളിലാണ് കളിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. സഞ്ജു കേരളത്തിന് വേണ്ടി കളിക്കുമ്പോൾ, സന്ദീപ് വാര്യർ നിലവിൽ തമിഴ്നാടിന്റെ താരമാണ്. ഇക്കഴിഞ്ഞ സീസണിലാണ് അദ്ദേഹം തന്റെ തട്ടകം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറ്റിയത്. മലപ്പുറത്തെ എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് പടിക്കലാകട്ടെ അഭ്യന്തര ക്രിക്കറ്റിൽ കർണാടകക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.