SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ ഹൈദരാബാദ് എഫ്.സി സ്ക്വാഡിലെ വിദേശതാരങ്ങളിൽ ഭൂരിപക്ഷവും പുതിയവരാകുമെന്ന് സൂചന. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന മൂന്ന് വിദേശികൾ കൂടി തിരിച്ചെത്തില്ല എന്നാണ് ക്ലബ് ഇപ്പോൾ ഔദ്യോ​ഗികമായി അറിയിച്ചത്. ഇതോടെ ജോയൽ ചിയാനിസെയും ജാവോ വിക്ടറും മാത്രം ക്ലബിനൊപ്പം തുടരാനുള്ള സാധ്യതയാണ് തെളിയുന്നത്.

സ്പാനിഷ് താരങ്ങളായ ലൂയിസ് സാസ്ത്രെ, ഫ്രാൻ സൻസാഡ, സൂരിനാം താരം റൊളാൻഡ് ആൽബർ​ഗ് എന്നിവരെയാണ് ഹൈദരാബാദ് റിലീസ് ചെയ്തത്. ഇക്കാര്യം ക്ലബ് ഇന്നലെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സ്പാനിഷ് താരങ്ങളായ ക്യാപ്റ്റൻ അരിഡെയിൻ സന്റാന, സെന്റർബാക്ക് ഒഡെയ് ഒനായിൻഡ്യ എന്നിവർ നേരത്തെ തന്നെ ക്ലബ് വിട്ടിരുന്നു. ഇതോടെ കഴിഞ്ഞ വർഷം കളിച്ച താരങ്ങളിൽ വിക്ടറും ചിയാനിസയും മാത്രമാണ് ബാക്കിയുള്ളത്. ഇതിൽ കരാർ പുതുക്കിയ വിക്ടർ ക്ലബിനൊപ്പം തുടരുമെന്ന് ഉറപ്പാണ്. എന്നാൽ കരാർ പുതുക്കിയെങ്കിലും ഇപ്പോൾ ഓസ്ട്രേലിയൻ ക്ലബ് പെർത്ത് ​ഗ്ലോറിക്കായി ലോണിൽ കളിക്കുന്ന ചിയാനിസെ തിരിച്ചെത്തുമോയെന്നത് സംശയമാണ്.

നൈജീരിയൻ താരം ബാർത്തലോമിയോ ഓ​ഗ്ബെച്ചെ, സ്പാനിഷ് താരങ്ങളായ ജുവാനൻ, എഡു ​ഗാർസിയ എന്നിവരുടെ സൈനിങ് ഹൈദരാബാദ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനൊപ്പം വിക്ടറും തുടരും. ചിയാനിസെ തുടർന്നില്ലെങ്കിൽ ഹൈദരാബാദിന് ഒരു ഏഷ്യൻ താരമടക്കം രണ്ട് വിദേശികളെ ഇനിയും സൈൻ ചെയ്യേണ്ടിവരും