SHARE

ഫോമില്ലാത്തതിനെത്തുടര്‍ന്ന് ചെല്‍സി ഒഴിവാക്കിയ മൂന്ന് താരങ്ങള്‍ ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഏറ്റവും മികച്ച താരങ്ങളാണ്. അതും ലീഗില്‍ ചെല്‍സിയുടെ ഏറ്റവും വലിയ എതിരാളികളായ മൂന്ന് ടീമുകളില്‍. ലീഗില്‍ മികച്ച കളിക്കാരുടെ പട്ടികയില്‍ മുന്നിലുള്ള ലിവര്‍പൂളിന്റെ മുഹമ്മദ് സാല, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രുയന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റൊമേലു ലുക്കാക്കു എന്നിവരാണ് ഇന്ന് ചെല്‍സിക്ക് നഷ്ടബോധമായി നിലകൊള്ളുന്നത്.

ബെല്‍ജിയന്‍ താരമായ കെവിന്‍ ഡി ബ്രുയന്‍ 2012-ലാണ് ചെല്‍സിയിലെത്തുന്നത്. ഏഴ് ദശലക്ഷം യൂറോയ്ക്കാണ് ചെല്‍സിയിലെത്തിയതെങ്കിലും അത്ര നല്ല കാലമായിരുന്നില്ല ഡി ബ്രുയനവിടെ . വന്ന സീസണില്‍ തന്നെ അദ്ദേഹം ജര്‍മന്‍ ക്ലബ് ആയ് വെര്‍ഡര്‍ ബ്രമനില്‍ ലോണില്‍ കളിക്കാന്‍ പോയി. ഒരു വര്‍ഷത്തിന് ശേഷം ചെല്‍സിയില്‍ മടങ്ങിയെത്തിയെങ്കിലും അധികം അവസരങ്ങള്‍ ലഭിച്ചില്ല. വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് ചെല്‍സിയില്‍ കളിച്ചത്.

2014-ല്‍ ഡി ബ്രുയന്‍, ജര്‍മന്‍ ക്ലബ് വോള്‍വ്‌സ്ബര്‍ഗിലേക്ക് ചേക്കേറി. 2015-ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഡിബ്രുയന്‍ ആറ് ഗോളുകള്‍ നേടി. എട്ട് ഗോളുകള്‍ക്ക് വഴിയുമൊരുക്കി. സീസണില്‍ സിറ്റിയുടെ മുന്നേറ്റത്തില്‍ ഡിബ്രുയന്റെ പ്രകടനം നിര്‍ണായകമാണ്.

2011 മുതല്‍ മൂന്ന് സീസണുകളിലാണ് മറ്റൊരു ബെല്‍ജിയന്‍ താരമായ റൊമേലു ലുക്കാക്കു ചെല്‍സിയില്‍ കളിച്ചത്. എന്നാല്‍ ഇതില്‍ തന്നെ കൂടുതല്‍ സമയം മറ്റ് ക്ലബുകള്‍ക്ക് വേണ്ടി ലോണില്‍ കളിക്കുകയായിരുന്നു. അധികം അവസരവും ചെല്‍സിയില്‍ ലുക്കാക്കുവിന് ലഭിച്ചില്ല.

തുടര്‍ന്ന് എവര്‍ട്ടണിലേക്ക് പോയ ലുക്കാക്കു അവിടെ മികച്ച ഫോമില്‍ കളിച്ചു.  ഈ സീസണ്‍ ആദ്യം ചെല്‍സിയുടെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. ലീഗില്‍ ഇതുവരെ പത്ത് ഗോളുകളുമായി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതാണിപ്പോള്‍ ലുക്കാക്കു.

ഈജിപ്ത് താരമായ മുഹമ്മദ് സാല 2014-ലാണ് ചെല്‍സിയിലെത്തുന്നത്.ഒരു സീസണുശേഷം ഇറ്റാലിയന്‍ ക്ലബ് ഫിയോറിയന്റീനയിലേക്കും, പിന്നീട് എ.എസ് റോമയിലേക്കും ചേക്കേറി. ഈ സീസണ്‍ തുടക്കത്തില്‍ ചെല്‍സിയുടെ മറ്റൊരു പ്രധാന എതിരാളിയായ ലിവര്‍പുളിലെത്തി. ഇതുവരെ 14 ഗോളുകളുമായി പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടയില്‍ ഒന്നാമതാണ് സാല. മൂന്ന് ഗോളിനും വഴിയൊരുക്കി.