SHARE

ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ പാസായാൽ മാത്രമേ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് താരങ്ങൾക്ക് സെലക്ഷൻ ലഭിക്കൂ. മുൻപ്‌ യുവരാജ് സിംഗും, സുരേഷ് റെയ്നയുമടക്കമുള്ള താരങ്ങൾക്ക് യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തത് നാം കണ്ടതാണ്. ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള താരം നായകൻ വിരാട് കോഹ്ലി തന്നെയാണ് എന്നതിൽ നമുക്ക്‌ സംശയമില്ല. എന്നാൽ ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ കോഹ്ലിയേക്കാൾ ഉയർന്ന മാർക്ക് നേടിയ മൂന്ന് ഇന്ത്യൻ താരങ്ങളുണ്ട്. കോഹ്ലിയുടെ യോ-യോ ടെസ്റ്റ് സ്കോറായ 19 മറികടന്ന താരങ്ങൾ ആരൊക്കെയെന്ന് ഒന്ന് നോക്കാം.

മധ്യനിര ബാറ്റ്സ്മാൻ മനീഷ് പാണ്ടെയാണ് കോഹ്ലിയേക്കാൾ മികച്ച യോ-യോ ടെസ്റ്റ് സ്കോർ നേടിയ ഇന്ത്യൻ താരങ്ങളിലൊരാൾ. 2017 ൽ നടന്ന‌ യോ-യോ ടെസ്റ്റിൽ 19.2 എന്ന സ്കോർ നേടിയാണ് മനീഷ് പാണ്ടെ കോഹ്ലിയെ മറികടന്നത്. ഈ സമയത്ത് തന്നെയായിരുന്നു യുവരാജ് സിംഗ് യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടതെന്നും ശ്രദ്ധേയമാണ്.

ഹിമാചൽ പ്രദേശിൽ നിന്നുള്ള മുൻ ഇന്ത്യൻ അണ്ടർ 19 ടീം താരം മയങ്ക്‌ ഡഗറാണ് കോഹ്ലിയുടെ യോ-യോ ടെസ്റ്റ് സ്കോർ മറികടന്ന മറ്റൊരു താരം. 2018 ൽ നടന്ന യോ-യോ പരീക്ഷയിൽ 19.3 എന്ന സ്കോറാണ് ഈ‌ യുവ സ്പിന്നർ നേടിയത്. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്നു ഡഗർ. യോ-യോ പരീക്ഷയിൽ കോഹ്ലിയേക്കാൾ മികച്ച സ്കോർ നേടിയ മൂന്നാമത്തെ ഇന്ത്യൻ താരം കർണാടകയുടെ കരുൺ നായരാണ്. ഇന്ത്യൻ ടീമിന്റെ മുൻ ട്രെയിനറായിരുന്ന ശങ്കർ ബസുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ കോഹ്ലിയേക്കാൾ ഉയർന്ന‌സ്കോറാണെങ്കിലും കരുൺ നായറിന്റെ കൃത്യം യോ-യോ ടെസ്റ്റ് സ്കോർ എത്രയാണെന്ന കാര്യം ഇത് വരെ അറിവായിട്ടില്ല.