SHARE

ഇറ്റാലിയൻ സൂപ്പർക്ലബ് എ.എസ്.റോമയുടെ തുർക്കി താരം ചെങ്കിസ് യെണ്ടർ ക്ലബ് വിട്ടേക്കുമെന്ന് സൂചന. ലെസ്റ്റർ സിറ്റിയടക്കം മൂന്ന് പ്രീമിയർ ലീ​ഗ് ക്ലബുകൾ താരത്തിനായി രം​ഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

23-കാരനായ യെണ്ടർ, വലതു വിങ്ങിലാണ് കളിക്കുന്നത്. 2017 മുതൽ റോമയുടെ താരമാണ് യെണ്ടർ. എന്നാൽ കഴിഞ്ഞ സീസണിൽ പരിശീലകനായെത്തിയ പൗളോ ഫോൻസേകയുടെ കീഴിൽ യെണ്ടറിന് അധികം അവസരം ലഭിച്ചില്ല. പിന്നാലെ ഇക്കുറി താരത്തെ വിൽക്കാനാണ് ഫോൻസേകയ്ക്ക് താൽപര്യമെന്നാണ് സൂചന.

നേരത്തെ ഇറ്റാലിയൻ ക്ലബ് തന്നെയായി നാപ്പോളിക്ക് യെണ്ടറിനെ നൽകി പകരം അർക്കാഡിയൂസ് മിലിച്ചിനെ സ്വന്തമാക്കാൻ റോമ പദ്ധതയിട്ടിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതായാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഇതോടെയാണിപ്പോൾ ഇം​ഗ്ലീഷ് ക്ലബുകൾ താരത്തിൽ താൽപര്യമറിയിച്ചത്.

ഇം​ഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ലെസ്റ്റർ സിറ്റിയാണ് യെണ്ടറിനായി രം​​ഗത്തുള്ളവരിൽ മുന്നിൽ. 25 ദശലക്ഷം യൂറോ വരെ അവർ യെണ്ടറിനായി മുടക്കാൻ തയ്യാറാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നീ രണ്ട് ക്ലബുകളും യെണ്ടറിൽ താൽപര്യമറിയിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് യെണ്ടറിനെ ലോണിൽ സ്വന്തമാക്കാനാണ് താൽപര്യമെന്നാണ് സൂചന.