SHARE

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പി.എസ്.ജിയെ നേരിടാനൊരുങ്ങുന്ന റയല്‍ മഡ്രിഡ് ആശങ്കയില്‍. സൂപ്പര്‍ താരങ്ങളായ മാഴ്‌സെലോ, ലൂക്കാ മോഡ്രിച്ച് എന്നിവര്‍ക്കേറ്റ പരിക്കാണ് റയലിന് തിരിച്ചടി നല്‍കുന്നത്. കാലിന്റെ പിന്‍തുട ഞരമ്പിന് പരിക്കേറ്റ ഇരുവര്‍ക്കും പി.എസ്.ജിക്കെതിരായ മത്സരം നഷ്ടമായേക്കും.

ജര്‍മന്‍ താരം ടോണി ക്രൂസിനും പരിക്കേറ്റിട്ടുണ്ട്. കാല്‍മുട്ടിനാണ് ക്രൂസിന് പരിക്കേറ്റത്. പി.എസ്.ജിക്കെതിരായ ആദ്യ പാദ മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് മൂവരും നടത്തിയത്. ഇടതുവിങ്ങില്‍ മാഴസെലോയും മധ്യനിരയില്‍ ക്രൂസും മോഡ്രിച്ചും നടത്തിയ മുന്നേറ്റങ്ങളാണ് മത്സരത്തിലെ വിജയത്തിന് പിന്നില്‍. പരിക്കേറ്റ മാഴ്‌സലോയും മോഡ്രിച്ചും രണ്ടോ മൂന്നോ ആഴ്ച പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ആറിന് പാരീസിലാണ് പി.എസ്.ജിക്കെതിരായ രണ്ടാം പാദ മത്സരം.

പരിക്കേറ്റ താരങ്ങള്‍ക്ക് എത്ര നാള്‍ വിശ്രമം വേണ്ടിവരുമെന്ന്‌ റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ വ്യക്തമാക്കിയില്ല. എന്നാല്‍ എത്രയും വേഗം തന്നെ അവര്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് അദ്ദേഹം പറയുന്നത്.