SHARE

ഐസിസി ലോകകപ്പ് യോഗ്യത റൗണ്ടിലേക്ക് നേപ്പാളും യുഎഇയും. നമീബിയയില്‍ നടന്ന ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ രണ്ടില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയതോടെ ആണ് ഇരു ഏഷ്യന്‍ രാജ്യങ്ങളും അടുത്തമാസം സിംബാബ്‌വെയില്‍ നടക്കുന്ന യോഗ്യത റൗണ്ടിലേക്ക് കടന്നത്. നാടകീയ ജയത്തോടെയാണ് നേപ്പാളിന്റെ ഐതിഹാസിക മുന്നേറ്റം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ അവസാന പന്തില്‍ ഒരു വിക്കറ്റിന് തോല്പിച്ചാണ് നേപ്പാള്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

യോഗ്യതാ റൗണ്ടിലെത്താന്‍ ജയം വേണ്ടിയിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാനഡ 50 ഓവറില്‍ പടുത്തുയര്‍ത്തിയത് 195 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ഒരുഘട്ടത്തില്‍ ഒന്‍പതിന് 144 റണ്‍സെന്ന നിലയിലായിരുന്നു നേപ്പാള്‍. ഒരു വിക്കറ്റ് ശേഷിക്കെ 47 പന്തില്‍ വേണ്ടിയിരുന്നത് 52 റണ്‍സ്. കാനഡ ജയം ഉറപ്പിച്ച നിമിഷം. എന്നാല്‍ പത്താമനായിറങ്ങിയ കരണ്‍ കെ.സിയുടെ വെടിക്കെട്ടില്‍ നേപ്പാള്‍ അത്ഭുജയം സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ നേപ്പാള്‍ താരമെന്ന ബഹുമതിയിലേക്ക നടന്നുനീങ്ങുന്ന സ്പിന്‍ വണ്ടര്‍കിഡ് സന്ദീപ് ലാമിച്ചാനെയെ മറുവശത്ത് നിര്‍ത്തിയായിരുന്നു കരണിന്റെ ബാറ്റിംഗ്. അവസാന ഓവറില്‍ നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ടു റണ്‍സ്.

ആദ്യ നാലു പന്തുകളും കാനഡ ബൗളര്‍ സെസില്‍ പെര്‍വേസ് മനോഹരമായി എറിഞ്ഞു തീര്‍ത്തു. എന്നാല്‍ അഞ്ചാം പന്തില്‍ കരണിന്റെ വക കൂറ്റന്‍ സിക്‌സര്‍. ജയത്തിലേക്കും യോഗ്യത റൗണ്ടിലേക്കും ഉള്ള ദൂരം ഒരു പന്തില്‍ രണ്ടു റണ്‍സായി കുറഞ്ഞു. എന്നാല്‍ അവസാന പന്ത് വൈഡായതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പം. വീണ്ടും എറിഞ്ഞ പന്തില്‍ സിംഗിളെടുത്ത് നേപ്പാളിനെ കരണ്‍ ജയത്തിലേക്ക് നയിച്ചു. 31 പന്തില്‍ നാലു സിക്‌സറുകളും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ കരണ്‍ നേടിയത് 42 റണ്‍സും.