ഇന്ത്യൻ സൂപ്പർ ലീഗ് നാലാംസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 240 രൂപ മുതൽ 10000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ആദ്യ മത്സരത്തിനായി വില്പ്പനയ്ക്ക് വെച്ചിട്ടുള്ളത്. ബുക്ക് മൈ ഷോ യിലൂടെ ആണ് കൊച്ചിയിലെ മത്സരങ്ങൾക്കുള്ള ഓൺ ലൈൻ വിൽപ്പന നടക്കുന്നത്
ഇത്തവണത്തെ ഉദ്ഘാടന മത്സരം കൊച്ചിയിലായതിനാൽ ടിക്കറ്റുകൾ വേഗം വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സീസണിലും കൊച്ചിയിലെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകാറുള്ളത്
കഴിഞ്ഞ വർഷം 200 രൂപയായിരുന്നു കൊച്ചിയിലെ മത്സരങ്ങൾക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക്. അതിനാണ് ആദ്യ മത്സരത്തിൽ നേരിയ വർധന വരുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിന് പുറമേ ചെന്നൈയൻ എഫ് സി ക്കെതിരെയും, ബെംഗളൂരു എഫ് സിക്കെതിരായുമുള്ള മത്സരത്തിലും 240 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ബാക്കിയുള്ള കളികൾക്കെല്ലാം 200 ൽ തുടങ്ങുന്ന ടിക്കറ്റുകളുണ്ട്. ഐ എസ് എല്ലിലെ പുതുമുഖങ്ങളായ ജംഷദ് പൂർ എഫ് സി തങ്ങളുടെ ഹോം മത്സരങ്ങൾക്ക് 50 രൂപ ടിക്കറ്റ് പ്രഖ്യാപിച്ച് കൊണ്ട് ഇന്നലെ ആരാധകരെ ഞെട്ടിച്ചിരുന്നു. അതിനാൽ കേരള ബ്ലാസ്റ്റേഴ്സും ഇത്തവണ ടിക്കറ്റ് വില കുറക്കുമെന്ന പ്രതീക്ഷ കൊച്ചിയിലെ കാണികൾക്കുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല.
പക്ഷേ വിലയിലുണ്ടായ ചെറിയ വർധന ഇവിടുത്തെ ടിക്കറ്റ് വിൽപ്പനയെ ബാധിക്കാൻ സാധ്യതയില്ല. എല്ലാ വർഷങ്ങളിലേയും പോലെ കാണികൾ ഈ വർഷവും കൊച്ചി മഞ്ഞക്കടലാക്കുമെന്ന് മാനേജ്മെന്റ് പ്രതീക്ഷിക്കുമ്പോൾ
വില കൂടിയാലും ആവേശം കുറയില്ലെന്ന് തെളിയിക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ കളി പ്രേമികൾ
ടിക്കറ്റ് ബുക്ക് ചെയ്യാൻ
https://in.bookmyshow.com