SHARE

ഓസ്ട്രേലിയൻ സൂപ്പർ താരം ടിം കാഹിൽ ഇന്ത്യൻ സൂപ്പർ ലീഗിലെത്തുമെന്ന് സൂചന. ഫ്രീ ഏജന്റായി മാറിയ കാഹിൽ ഐ എസ് എൽ ടീം ഡെൽഹി ഡൈനാമോസുമായി ചർച്ചകൾ നടത്തി എന്നാണ് റിപ്പോർട്ട്. ജനുവരിയിൽ തുറക്കുന്ന ട്രാൻസ്ഫർ ജാലകത്തിലാകും കാഹിൽ ഇന്ത്യയിലെത്തുക.

മുപ്പത്തിയെട്ടുകാരനായ ടിം കാഹിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ എവർട്ടണിന്റെ താരമായിരുന്നു. എട്ട് വർഷത്തോളം അവർക്ക് വേണ്ടി പന്തു തട്ടിയ അദ്ദേഹം 226 മത്സരങ്ങളിൽ നിന്ന് 56 ഗോളുകളും നേടിയിട്ടുണ്ട്. 2012 ൽ എവർട്ടൺ വിട്ട അദ്ദേഹം നിലവിൽ മെൽബൺ സിറ്റിയുടെ താരമാണ്. ഓസ്ട്രേലിയൻ ദേശീയ ടീമിനായി 50 ഗോളുകളും ഈ താരം നേടിയിട്ടുണ്ട്.

മെൽബൺ സിറ്റിയിൽ ആവശ്യത്തിന് സമയം ഗ്രൗണ്ടിലിറങ്ങാൻ ലഭിക്കാത്തതാണ് അദ്ദേഹത്തെ അവിടുന്ന് പോരാൻ താൽപ്പര്യപ്പെടുത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയാൽ മുഴുനീള സമയവും കളിക്കാൻ പറ്റും എന്ന് അദ്ദേഹം കണക്ക് കൂട്ടുന്നു. അങ്ങനെ കളിച്ചു കൊണ്ടിരുന്നാൽ മാത്രമേ ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടൂ എന്ന കൃത്യമായ ബോധം കാഹിലിനുണ്ട്, പ്രത്യേകിച്ചും ഓസ്ട്രേലിയയുടെ പുതിയ പരിശീലകൻ മത്സരപരിചയത്തിന്റെ കാര്യത്തിൽ കുറച്ച് കർശനക്കാരനാണെന്നത് കൂടി ചേർത്ത് വായിക്കുമ്പോൾ കാഹിലിന്റെ ഈ തീരുമാനത്തിൽ അദ്ഭുതമൊന്നുമില്ല.

ഒരു ഐ എസ് എൽ ടീമിൽ പരമാവധി ഉൾപ്പെടുത്താൻ കഴിയുന്ന വിദേശ താരങ്ങളുടെ എണ്ണം 8 ആണ്. എന്നാൽ ഡെൽഹി ഡൈനാമോസ് ഇതേ വരെ 7 പേരെ മാത്രമാണ് സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ ജനുവരിയിലെ ട്രാൻസ്ഫർ വിപണിയിൽ നിന്ന് ഒരു വിദേശ താരത്തെ കൂടി അവർക്ക് സ്വന്തമാക്കാം. ഈ ഒരു താരത്തിന്റെ ഒഴിവിലേക്കാണ് ഓസ്ട്രേലിയൻ ഇതിഹാസത്തെ അവർ കണ്ട് വെച്ചിട്ടുള്ളത്. എല്ലാ സീസണിലും സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച് ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ അദ്ഭുതപ്പെടുത്താറുള്ള ഡൈനാമോസ് ടീമിൽ ഇത്തവണ ടിം കാഹിലിനെ കാണാൻ കഴിയുമെന്ന് തന്നെയാണ് ഡെൽഹി ആരാധകരുടെ പ്രതീക്ഷയും.