SHARE

തുടര്‍ച്ചയായി നാലാം ലോകകപ്പ് കളിക്കുകയെന്ന ചരിത്രനേട്ടത്തിനരികിലാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ടിം കാഹില്‍. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിച്ച കാഹില്‍ ഇത്തവണ റഷ്യയിലേക്കുള്ള അന്തിമ ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്. അതിനിടെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് കയ്യടിച്ച് രംഗത്ത് വന്നിരിക്കുകയാണ് കാഹില്‍.

കെനിയക്കെതിരെ നടന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് ഫൈനല്‍ വിജയത്തിന് ശേഷം ഛേത്രി ട്വിറ്ററിലൂടെ ആരാധകരോടുള്ള നന്ദി പ്രകടിപ്പിച്ചിരുന്നു. ഇത് കയ്യടിക്കുന്ന സ്‌മൈലികളോട് കൂടി പങ്കുവെക്കുകയാണ് കാഹില്‍ ചെയ്തത്. അതോടെ കാഹിലിന് നന്ദി പറഞ്ഞ് കൊണ്ട് ഛേത്രിയും രംഗത്ത് വന്നു. എന്നാല്‍ ലോകകപ്പ് താരത്തില്‍ നിന്ന് കയ്യടി ലഭിച്ചതോടെ സംഭവം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റെടുത്തു. കാഹിലിന് ലോകകപ്പ് ആശംസ നേര്‍ന്ന് കൊണ്ടുള്ള കമ്മന്റുകളാണ് ട്വീറ്റിന് താഴെ.

കെനിയയ്‌ക്കെതിരെ നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ടൂര്‍ണ്ണമെന്റില്‍ എട്ടു ഗോളുകളാണ് ഛേത്രി നേടിയത്. ആദ്യ മത്സരത്തിന് ശേഷം ആരാധകര്‍ കളി കാണാനെത്തണം എന്നാവശ്യപ്പെട്ട് ഛേത്രി രംഗത്ത് വന്നിരുന്നു. പിന്നീടുള്ള മത്സരങ്ങളില്‍ സ്റ്റേഡിയം നിറഞ്ഞു കവിയുകയും ചെയ്തു. ലിവര്‍പൂള്‍, ടോട്ടന്‍ഹാം തുടങ്ങിയ ക്ലബുകളുടെയും ലാ ലിഗയുടെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്ന് ഇന്ത്യയ്ക്കും ഛേത്രിക്കും ആശംസകളും ലഭിച്ചിരുന്നു.