SHARE

ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന നാല് മത്സര ടെസ്റ്റ് പരമ്പരയിൽ സീനിയർ താരം ആരോൺ ഫിഞ്ച് ടീമിന്റെ ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്ന് ഓസ്ട്രേലിയൻ നായകൻ ടിം പെയിൻ. ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപ് പരിക്കിൽ നിന്ന് മോചിതനായി ഉസ്മാൻ ഖവാജ ടീമിലേക്ക് തിരിച്ചെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അങ്ങനെയെങ്കിൽ ഇരുവരും ചേർന്നാകും ഓസീസ് ബാറ്റിംഗ് തുടങ്ങുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്ന് മുതൽ ആറ് വരെ ഏത് പൊസിഷനിലും കളിപ്പിക്കാവുന്ന ബാറ്റ്സ്മാനാണ് ഫിഞ്ചെന്ന് ഓസീസ് നായകൻ പറയുന്നു. ഇത് ടീമിന് ഏറെ ഗുണം ചെയ്യുന്ന കാര്യമാണെന്നും, എന്നാൽ ഇന്ത്യയ്ക്കെതിരെ താരം ഓപ്പണറായാകും കളിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു‌. അതേ സമയം നിലവിൽ പരിക്കിന്റെ പിടിയിലായ ഉസ്മാൻ ഖവാജ പരമ്പരയ്ക്ക് മുൻപ് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് ടിം പെയിന്റെ പ്രതീക്ഷ. അങ്ങനെയാണെങ്കിൽ ഫിഞ്ചും, ഖവാജയും ചേർന്നുള്ള വലം കൈ – ഇടം കൈ കൂട്ടുകെട്ടാകും ഇന്ത്യയ്ക്കെതിരെ ഓസീസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.