SHARE

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നടന്ന പന്തു ചുരണ്ടലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പതുക്കെ മുക്തരാവുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിനിടെ യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് പന്തു ചുരണ്ടിയത് പിടിക്കപ്പെട്ടതോടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പ്രതിക്കൂട്ടിലായിരുന്നു. പിന്നീട് സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷം വീതവും ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസവും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തി.

വിവാദവുമായി ബന്ധപ്പെട്ട് രാജിവെച്ച പഴയ കോച്ച് ഡാരന്‍ ലേമാന് പകരം അടുത്തിടെ ജസ്റ്റിന്‍ ലാംഗര്‍ പരിശീലകസ്ഥാനത്തെത്തി. സിംബാബ്‌വെയുമായി ഇനി നടക്കാനിരിക്കുന്ന പരമ്പരകള്‍ക്ക് മുന്നോടിയായി ടിം പെയിനിനെ ഏകദിന നായകനായയും ആരോണ്‍ ഫിഞ്ചിനെ ടി20 നായകനായും ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ, വാര്‍ണറെ കുറിച്ച് മോശമായി എഴുതിയ മാധ്യമപ്രവര്‍ത്തകനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ഓസീസ് ഏകദിന നായകന്‍ ടിം പെയിന്‍. വാര്‍ണര്‍ ഇനി തിരിച്ചു വന്നാലും ടീമിനോട് ഒത്തൊരുമിച്ച് പോവാന്‍ കഴിയില്ലെന്നും ഇപ്പോഴുള്ള പല താരങ്ങള്‍ക്കും വാര്‍ണറുമായി യോജിച്ച് പോവാന്‍ കഴിയില്ലെന്നുമാണ് ഓസ്‌ട്രേലിയയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ട് കര്‍ഡോക്ക് എഴുതിയത്.

എന്നാല്‍ ഇത് ശരിയായില്ലെന്നാണ് ടിം പെയിന്‍ പ്രതികരിച്ചത്. ‘ വാര്‍ണറെ കുറിച്ച് എഴുതിയത് റോബര്‍ട്ട് കര്‍ഡോക്ക് എഴുതിയത് വായിച്ചു, അദ്ദേഹത്തിന്റെ എഴുത്തും ടിവി ഷോകളും വളരെ ഇഷ്ടമാണ്, എന്നാല്‍ വാര്‍ണറെ കുറിച്ച് എഴുതിയത് മോശമായിപ്പോയി, ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ വാര്‍ണര്‍ ടീമിനുള്ളിലെ അവിഭാജ്യ ഘടകമാണ്, അദ്ദേഹം മറ്റു താരങ്ങള്‍ക്ക് കൂടി ഊര്‍ജ്ജം പകരുന്ന താരമാണ്, എല്ലാവരും അദ്ദേഹത്തോടൊപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്നു’ – പെയിന്‍ പറഞ്ഞു. വിലക്കിന് ശേഷം സ്മിത്തും വാര്‍ണറും ബാന്‍ക്രോഫ്റ്റും ഓസീസ് ടീമിലേക്ക് സ്വാഗതം ചെയ്യപ്പെടുമെന്നും പെയിന്‍ കൂട്ടിച്ചേര്‍ത്തു.