SHARE

നൂറിലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള താരമാണ് ഓസ്ട്രേലിയൻ നായകൻ ടിം പെയിൻ. ക്രിക്കറ്റിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഓസീസ് നായകന് കഴിഞ്ഞ ദിവസം ഒരു അമളി പിണഞ്ഞു. ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ താരം ബാറ്റ് ചെയ്യാനെത്തിയത് ഒരു‌ഗ്ലൗ മാത്രം അണിഞ്ഞാണ്. ഒരു കൈയ്യിലെ ഗ്ലൗ എടുക്കാൻ മറന്ന താരം പിന്നീട് ഡ്രെസ്സിംഗ് റൂമിനരികിലേക്ക് തിരിച്ച് നടക്കുകയും സഹതാരത്തിൽ നിന്ന് ഗ്ലൗ സ്വീകരിക്കുകയുമായിരുന്നു.

സംഭവം ഇങ്ങനെ, ടാസ്മാനിയയും, ന്യൂ സൗത്ത് വെയിൽസും തമ്മിലുള്ള ‌ഷെഫീൽഡ് ഷീൽഡ് മത്സരം നടക്കുകയാണ്. ടാസ്മാനിയയുടെ താരമായ പെയിൻ അവരുടെ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയത് ഒരു ഗ്ലൗ മാത്രമെടുത്തായിരുന്നു. എന്നാൽ ഗ്രൗണ്ടിലിറങ്ങിയപ്പോൾ തനിക്ക് അബദ്ധം പറ്റിയത് മനസിലായ പെയിൻ, ബൗണ്ടറി‌ ലൈനിനരികിലേക്ക് തിരിച്ചുനടക്കുകയും ഡ്രെസ്സിംഗ് റൂമിലുണ്ടായിരുന്ന സഹതാരത്തിൽ നിന്ന് ഗ്ലൗ ആവശ്യപ്പെടുകയുമായിരുന്നു.

ആദ്യം കമന്റേറ്റർമാർക്ക് പോലും ഇക്കാര്യം മനസിലായില്ലെങ്കിലും സംഭവം പിടികിട്ടിയതോടെ പൊട്ടിച്ചിരികളുണർന്നു. പെയിൻ ഗ്ലൗസ് മറന്ന് വെച്ച് ഗ്രൗണ്ടിലിറങ്ങിയതും തുടർന്ന് തിരിച്ചു‌പോയി, സഹതാരത്തിൽ നിന്ന് ഗ്ലൗ സ്വീകരിക്കുന്നതിന്റേയും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.