SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച ന്യൂസിലൻഡ് സ്റ്റാർ പേസർ ടിം സൗത്തിക്ക് താക്കീതും, ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷ. താരം അച്ചടക്ക ലംഘനം നടത്തിയെന്ന് വ്യക്തമായതിനെത്തുടർന്ന് മാച്ച് റഫറി ജെഫ് ക്രോയാണ് അദ്ദേഹത്തിന് താക്കീത് നൽകിയത്. കഴിഞ്ഞ 24 മാസക്കാലയളവിൽ ഇതാദ്യമായാണ് സൗത്തിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു കുറ്റമെന്നതിനാൽ കൂടുതൽ ശിക്ഷാ നടപടികളിൽ ‌നിന്ന് അദ്ദേഹം രക്ഷപെടുകയായിരുന്നു.

ബുധനാഴ്ച ഇരു ടീമുകളും തമ്മിൽ നടന്ന മൂന്നാം ടി20 മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ആദ്യ ഓവറിൽ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിനെതിരെ സൗത്തിയുടെ എൽ ബി‌ഡബ്ല്യു അപ്പീൽ അമ്പയർ നിരസിച്ചിരുന്നു. തുടർന്ന് ന്യൂസിലൻഡ് താരങ്ങൾ റിവ്യു എടുത്തെങ്കിലും അമ്പയേഴ്സ് കോളിൽ തീരുമാനം ഫിഞ്ചിന് അനുകൂലമായി. ഇതിന് പിന്നാലെ സൗത്തി രോഷാകുലനായി അമ്പയറോട് സംസാരിക്കുകയായിരുന്നു. ഇതാണ് താരത്തിന് വിനയായത്.

സൗത്തിയുടെ അനാദരവോടെയുള്ള പെരുമാറ്റം ഓൺഫീൽഡ് അമ്പയർമാരായ ക്രിസ് ഗഫാനി, വെയിൻ നൈറ്റ്സ്, മൂന്നാം അമ്പയർ ഷോൺ ഹെയ്ഗ്, നാലാം അമ്പയർ ക്രിസ് ബ്രൗൺ എന്നിവർ മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്യുകയും, മാച്ച് റഫറി ജെഫ് ക്രോ താരത്തിനെതിരായ ശിക്ഷാനടപടി പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ കുറ്റം സമ്മതിച്ചതിനാൽ സംഭവത്തിൽ സൗത്തിക്ക് ഔദ്യോഗിക ഹിയറിംഗിന് ഹാജരാവേണ്ടി വന്നില്ല.