വംശീയാധിക്ഷേപം ആരോപിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ജർമ്മൻ സൂപ്പര്‍ താരം മൊസൂട്ട് ഓസില്‍ തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ താന്‍ മടി കാണിക്കില്ലെന്ന് യുവതാരം ടിമോ വെര്‍ണര്‍. ബുണ്ടസ് ലിഗയില്‍ ആര് ബി ലെയ്പ്സിഗിന്റെ മുന്നേറ്റതാരമാണ് ടിമോ വെര്‍ണര്‍. ജർമ്മൻ ടീമിലെ താരങ്ങളെയെല്ലാം ഓസിലിന്റെ തിരിച്ചു വരവ് സന്തോഷിപ്പിക്കുമെന്നും വെര്‍ണര്‍ സ്പോര്ട്ബില്ഡിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ലോകകപ്പിലെ നാണം കെട്ട പുറത്താവലിന് ശേഷമാണ് ഓസില്‍ ജര്‍മ്മന്‍ ടീമില്‍ നിന്ന് വിരമിച്ചത്. ചാമ്പ്യന്മാരായി എത്തിയ ജര്‍മ്മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയായിരുന്നു. ലോകകപ്പിന് ശേഷം തുര്‍ക്കി വംശജനായ ഓസിലിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഓസിലിന്റെ മോശം പ്രകടനമാണ് ടീമിന്റെ പുറത്താവലിന് കാരണമെന്നും മാധ്യമങ്ങള്‍ എഴുതിയിരുന്നു. ഇതോടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു താരത്തിന്റെ വിരമിക്കല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന്റെ താരമാണ് 29കാരനായ ഓസില്‍.