SHARE

കേരളാ ബ്ലാസ്റ്റേഴ്സിലേക്കുള്ള സ്പാനിഷ് താരം ടിരിയുടെ ട്രാൻസ്ഫർ നടന്നേക്കില്ലെന്ന് റിപ്പോർട്ടുകൾ. പ്രതിഫലത്തെച്ചൊല്ലിയുടെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് സൂചന. വിവിധ ഓൺലൈൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആദ്യം നോട്ടമിട്ടതാണ് പ്രതിരോധതാരമായ ടിരിയെ. പിന്നീട് സൂപ്പർതാരം സന്ദേശ് ജിം​ഗനും ടിരി ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തരത്തിന്റെ ട്രാൻസ്ഫർ ചർച്ചകൾ പരാജയപ്പെടുന്നതായി സൂചനകൾ വരികയാണ്.  ജെംഷദ്പുർ എഫ്.സി. താരമായ ടിരി ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവച്ചിരുന്നില്ല, എന്നാൽ ധാരണയിലെത്തിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പ്രതിഫലം കുറയ്ക്കാൻ താരത്തോട് ക്ലബ് ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ധാരണയായ പ്രതിഫലത്തിൽ നിന്ന് 30 മുതൽ 40 ശതമാനം വരെ കുറയ്ക്കണമെന്നാണ് ക്ലബ് ആവശ്യപ്പെട്ടതെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഖേൽനൗ റിപ്പോർട്ട് ചെയ്തു. മുൻപുണ്ടാക്കിയ ധാരണകൾ ക്ലബ് അം​ഗീകരിക്കാൻ തയ്യാറാല്ലെങ്കിൽ ടിരി ബ്ലാസ്റ്റേഴ്സിലേക്ക് വരില്ലെന്നും സൂചനയുണ്ട്.

അതേസമയം ഇതേക്കുറിച്ച് ബ്ലാസ്റ്റേഴ്സ് അധികൃതർ ഒന്നും പറഞ്ഞിട്ടില്ല. എങ്കിൽ കൂടിയും ഈ വിഷയവുമായി ബന്ധപ്പെട്ട് ടിരി നടത്തിയ പ്രതികരണങ്ങളിൽ ക്ലബ് അസംതൃപ്തരാണെന്നാണ് സൂചന. വിവാദത്തെക്കുറിച്ച് നേരത്തെ ടിരി സമൂഹമാധ്യമങ്ങളിൽ പരാമർശം നടത്തിയിരുന്നു.