SHARE

ഐ.എസ്.എൽ ഏഴാം സീസണിന്റെ ഉദ്ഘാടനമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ എ.ടി.കെ മോഹൻ ബ​ഗാൻ ജേഴ്സിയണിഞ്ഞ് ടിരി നടന്നത് ചരിത്രത്തിലേക്ക്. ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ചരിത്രത്തിലാദ്യമായി ആറ് സീസണുകളിൽ കളിക്കുന്ന വിദേശതാരമാകുകയായിരുന്നു സ്പാനിഷ് സെന്റർ ബാക്കായ ടിരി.

എ.ടി.കെയ്ക്ക് വേണ്ട് പ്രതിരോധം കാക്കാനാണ് ടിരി ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഐ.എസ്.എൽ രണ്ടാം സീസണിലായിരുന്നു ഇത്. തുടർന്ന് മൂന്നാം സീസണിലും ടിരി കൊൽക്കത്ത ക്ലബിന്റെ ഭാ​ഗമായി. മൂന്നാം സീസണിൽ ടീമിന്റെ കിരീടനേട്ടത്തിലും ടിരി നിർണായകപങ്ക് വഹിച്ചു. തുടർന്ന് ഐ.എസ്.എൽ നാലാം സീസണിൽ ജെംഷദ്പുർ എഫ്.സി.രൂപം കൊണ്ടപ്പോൾ ടിരി അവിടേക്ക് പോയി. പിന്നീടുള്ള മൂന്ന് സീസണാണ് ടിരി ജെംഷദ്പുർ പ്രതിരോധത്തെ നയിച്ചത്. കുറേനാൾ ടീം ക്യാപ്റ്റനുമായിരുന്നു.

കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ജെംഷദ്പുർ വിട്ട ടിരി കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. താരം ബ്ലാസ്റ്റേഴ്സുമായി കരാറിൽ ധാരണയുമായിരുന്നു. എന്നാൽ സാലറി കട്ടിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളാൽ ഈ നീക്കം പരാജയപ്പെട്ടു.

ഇതിനുശേഷമാണ് ടിരി എ.ടി.കെയിലേക്ക് തിരിച്ചെത്തിയത്. ആദ്യ മത്സരത്തിൽ തന്നെ എ.ടി.കെയുടെ മൂന്നം​ഗ പ്രതിരോധനിരയുടെ നേതൃത്വം വഹിച്ച ടിരി, ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തെ തടയുന്നതിൽ ഏറെ മികവു പുലർത്തുകയും ചെയ്തു. ഒപ്പം ചരിത്രനേട്ടവും താരം സ്വന്തമാക്കി.