SHARE

എടികെ മോഹൻ ബഗാന്റെ സ്പാനിഷ് സൂപ്പർ താരം തിരി, ക്ലബ്ബിന്റെ എ എഫ് സി കപ്പ് മത്സരങ്ങളിൽ കളിക്കാനുള്ള സാധ്യതകൾ മങ്ങി. നിലവിൽ തന്റെ ജന്മനാടായ സ്പെയിനിലുള്ള താരം ഇതു വരെ കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചിട്ടില്ല. വാക്സിനെടുക്കാൻ ഇനിയും കുറച്ച് ദിവസങ്ങൾ കൂടി അദ്ദേഹത്തിന് കാത്തിരിക്കേണ്ടി‌ വരുമെന്നും ഓഗസ്റ്റ് 15 വരെ താരത്തിന് ഇന്ത്യയിലേക്കെത്താൻ കഴിയില്ലെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിലെത്തിയാലും ടീമിനൊപ്പം ചേരുന്നതിന് മുൻപ് താരത്തിന് ക്വാറന്റൈൻ ഇരിക്കേണ്ടി വരും. അത് കൊണ്ടു തന്നെ എ എഫ് സി കപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഈ മുപ്പതുകാരന് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള വിദേശ ഡിഫൻഡർമാരിലൊരാളാണ് തിരി. 2017 മുതൽ 2020 വരെ ജംഷദ്പൂർ എഫ് സിയുടെ താരമായിരുന്നു അദ്ദേഹത്തെ, കഴിഞ്ഞ സീസണ് തൊട്ടു മുൻപായിരുന്നു എടികെ മോഹൻ ബഗാൻ റാഞ്ചിയത്. ടീം ഐ എസ് എൽ ഫൈനലിലെത്തിയ കഴിഞ്ഞ സീസണിൽ അവർക്കായി ഉജ്ജ്വല പ്രകടനമായിരുന്നു ഈ സെന്റർബാക്ക് താരം കാഴ്ച വെച്ചത്.

അതേ സമയം എ എഫ് സി കപ്പിൽ ഗ്രൂപ്പ് ഡി യിൽ ബംഗ്ലാദേശ് ക്ലബ്ബായ ബാഷുന്ധര കിങ്സ്, മാൽദീവ് ക്ലബ്ബ് മാസിയ സ്പോർട്സ് റിക്രിയേഷൻ, പ്ലേ ഓഫ് കളിച്ചെത്തുന്ന ഒരു ടീം എന്നിവരാണ് എടികെ മോഹൻ ബഗാനൊപ്പം കളിക്കുക. ഓഗസ്റ്റ് 18, 21, 24 തീയതികളിലാണ് എടികെയുടെ എ എഫ് സി കപ്പ് മത്സരങ്ങൾ.