SHARE

പരുക്കേറ്റ് പുറത്തായ മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ഇംഗ്ലീഷ് യുവ പേസര്‍ ടോം കുറനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ എത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ ഓസീസ് പേസ് ബോളര്‍ ഐ പി എല്‍ കളിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിനിടയിലാണ് സ്റ്റാര്‍ക്കിന് പരുക്കേറ്റത്.

23കാരനായ ടോം കുറന്‍ 2017 ജൂണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീട് ഏകദിനത്തിലും ടെസ്റ്റ് മത്സരത്തിലും താരം ഇംഗ്ലണ്ട് ജേഴ്‌സിയില്‍ അരങ്ങേറി. കഴിഞ്ഞ ആഷസ് പരമ്പരക്കിടെയായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 2 ടെസ്റ്റ് മത്സരങ്ങളും 8 ഏകദിനങ്ങളും 6 ടി20 മത്സരങ്ങളുമാണ് കുറന്‍ ഇംഗ്ലണ്ടിന് വേണ്ടി നേടിയിട്ടുള്ളത്. ടി20യില്‍ 7 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.

ഏപ്രിൽ ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – മുംബൈ ഇന്ത്യന്‍ പോരാട്ടത്തിലൂടെയാണ് ഐ പി എല്‍ പതിനൊന്നാം എഡിഷന് തുടക്കമാവുന്നത്. എട്ടിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. ദിനേഷ് കാര്‍ത്തിക്കാണ് ഇത്തവണ കൊല്‍ക്കത്തയെ നയിക്കുന്നത്. മെയ് 27ന് മുംബൈയില്‍ വെച്ച് തന്നെയാണ് ഐ പി എല്‍ ഫൈനലും നടക്കുന്നത്.