പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ട് സ്റ്റാർ ബോളർ ടോം കറന് ഈ സീസൺ മുഴുവൻ നഷ്ടമാകും. സസക്സിനെതിരായ ടി20 ബ്ലാസ്റ്റ് ടൂർണമെന്റിൽ സറേയ്ക്കായി കളിക്കുമ്പോൾ സംഭവിച്ച പരിക്കാണ് കറന് വിനയായത്. പരിക്കേറ്റതിന് പിന്നാലെ താരത്തിനെ സ്കാനിംഗിന് വിധേയനാക്കിയപ്പോളാണ് പരിക്ക് അല്പം ഗൗരവകരമാണെന്നും കുറച്ചുനാൾ വിശ്രമം പരിക്കിൽ നിന്ന് മോചിതനാവാൻ ആവശ്യമാണെന്നും വ്യക്തമായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇംഗ്ലണ്ടിന് ഏൽക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. നേരത്തെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് താരം ഒലി സ്റ്റോൺസിനും പരിക്കിനെത്തുടർന്ന് സീസൺ മുഴുവൻ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.
ഇംഗ്ലണ്ട് കിരീടം ചൂടിയ ഈ വർഷത്തെ ഏകദിന ലോകകപ്പിൽ ടീമിലുണ്ടായിരുന്ന താരമാണ് ടോം കറൻ. എന്നാൽ ജോഫ്ര ആർച്ചർ, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, മാർക്ക് വുഡ് എന്നീ ഫാസ്റ്റ് ബോളർമാരുണ്ടായിരുന്ന ടീമിൽ നിന്ന് ഒരു മത്സരത്തിൽപ്പോലും കറന് ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല. ഈ സീസണിൽ ഒരു ഫസ്റ്റ് ക്ലാസ് മത്സരവും, രണ്ട് ലിസ്റ്റ് എ മത്സരവും, 10 ടി20 ബ്ലാസ്റ്റ് മത്സരങ്ങളും കളിച്ച കറൻ 26 വിക്കറ്റുകൾ നേടി തകർപ്പൻ ഫോമിലായിരുന്നു. അതിനിടയിലാണ് പരിക്ക് താരത്തിന് പണി കൊടുത്തിരിക്കുന്നത്.