SHARE

ക്രിക്കറ്റിന്റെ ജനപ്രീതി വർധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. 20 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോൾ ഈ ഗെയിമിന്റേത്‌. ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ പ്രതിഫലത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ ഇന്ന് മാറ്റങ്ങൾ വന്നിരിക്കുന്നു. അതിൽ കളികാരും, പരിശീലകരും മുതൽ ഗ്രൗണ്ട് സ്റ്റാഫുകൾ വരെയുള്ള ആളുകളുണ്ട്.

ഇന്ന് നാം ഇവിടെ പരിശോധിക്കുന്നത്, നിലവിൽ ലോകത്ത് ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന 5 ക്രിക്കറ്റ് പരിശീലകരെയാണ്.

5) മിസ്ബാ ഉൾ ഹഖ് – പാകിസ്ഥാൻ

2018 ലെ ഏകദിന ലോകകപ്പിന് ശേഷമാണ് മുൻ പാക് താരം കൂടിയായ മിസ്ബാ ഉൾ ഹഖ്, ദേശീയ ടീമിന്റെ പരിശീലക‌ സ്ഥാനം ഏറ്റെടുക്കുന്നത്. തുടക്കത്തിൽ ടീമിന്റെ ചീഫ് സെലക്ടർ കൂടിയായിരുന്നുവെങ്കിലും പിന്നീട് ആ സ്ഥാനം അദ്ദേഹമൊഴിഞ്ഞു. 1.79 കോടി രൂപയാണ് പരിശീലകനാകുന്നതിന് പാക് ക്രിക്കറ്റ് ബോർഡ് മിസ്ബയ്ക്ക് നൽകുന്നത്.

4) മിക്കി ആർതർ – ശ്രീലങ്ക

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകളുടെ പരിശീലകനായി പ്രവർത്തിക്കുന്നവരിൽ ഏറ്റവുമധികം പരിചയസമ്പത്തുള്ളവരിലൊരാളാണ് മിക്കി ആർതർ. മുൻപ് ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാകിസ്ഥാൻ ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആർതർ ഒരു മെന്ററെന്ന നിലക്കാണ് ആദ്യം ശ്രീലങ്കൻ ടീമിനൊപ്പം ചേരുന്നത്. തുടർന്ന് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ അദ്ദേഹത്തിന് പ്രതിവർഷം 3.44 കോടി രൂപയാണ് ശ്രീലങ്ക ക്രിക്കറ്റ് നൽകുന്നത്.

3) ക്രിസ് സിൽവർവുഡ് – ഇംഗ്ലണ്ട്

2019 ൽ നടന്ന ആഷസ് പരമ്പരക്ക് ശേഷം ട്രെവർ ബെയ്ലിസിന് പകരക്കാരനായിട്ടാണ് ക്രിസ് സിൽവർവുഡ്, ഇംഗ്ലണ്ടിന്റെ പരിശീലകനാവുന്നത്. തുടർന്നിങ്ങോട്ട് ടീമിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്ന അദ്ദേഹത്തിന് 4.65 കോടി രൂപയാണ് പ്രതിവർഷ ശമ്പളമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ നിന്ന് ലഭിക്കുന്നത്.

2) ജസ്റ്റിൻ ലാംഗർ – ഓസ്ട്രേലിയ

ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണർമാരിലൊരാളായ ലാംഗർ, 2018 ലെ പന്തു ചുരണ്ടൽ വിവാദത്തിന് പിന്നാലെ ഡാരൻ ലേമാൻ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഓസീസ് ടീമിന്റെ പരിശീലകനാവുന്നത്. പരിശീലക വേഷത്തിൽ ഇതു വരെ മോശമല്ലാത്ത റെക്കോർഡ് കൈവശമുള്ള ലാംഗർക്ക് 4.67 കോടി രൂപയാണ് വാർഷിക‌ ശമ്പളമായി ക്രിക്കറ്റ് ഓസ്ട്രേലിയ നൽകുന്നത്‌.

1) രവി ശാസ്ത്രി – ഇന്ത്യ

എല്ലാവരും കരുതുന്നത് പോലെ തന്നെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയാണ് ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് പരിശീലകൻ. അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഇന്ത്യൻ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശാസ്ത്രിക്ക് 9.5-10 കോടി രൂപയാണ് വാർഷിക ശമ്പളമായി ബിസിസിഐ നൽകുന്നത്.