SHARE

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിട്ട് നിന്നതിന് ശേഷം രണ്ടാം പകുതിയിൽ 3 ഗോൾ തിരിച്ചടിച്ച ടോട്ടൻഹാം ഹോട്സ്പർ, അയാക്സിനെ കീഴടക്കി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ഇരു പാദങ്ങളിലുമായി സ്കോർ 3-3 എന്ന നിലയിൽ തുല്യതയിലായെങ്കിലും എവേ ഗോളുകളുടെ മുൻ തൂക്കത്തിലാണ് ടോട്ടനത്തിന്റെ ഫൈനൽ പ്രവേശം. ആവേശപ്പോരാട്ടത്തിന്റെ 96-ം മിനുറ്റിൽ ടോട്ടനം നേടിയ ഗോളാണ് അവരെ ഫൈനലിലെത്തിച്ചത്. ഹാട്രിക്ക് നേടിയ ലൂക്കാസ് മോറയാണ്‌ ടോട്ടനത്തിന്റെ വിജയശില്പി.

സീസണിലെ മിന്നും ഫോം തുടർന്ന അയാക്സ് തന്നെയായിരുന്നു രണ്ടാം പാദ സെമിയുടെ തുടക്കത്തിലും തകർപ്പൻ പ്രകടനം പുറത്തെടുത്തത്. അഞ്ചാം മിനുറ്റിൽ ഡി ലൈറ്റിന്റെ ഗോളിൽ മുന്നിലെത്തിയ അവർ, മുപ്പത്തിയഞ്ചാം മിനുറ്റിൽ ഹക്കിം സിയച്ചിലൂടെ ഗോൾ ലീഡുയർത്തി. രണ്ട് ഗോളുകൾക്ക് പിന്നിലായിട്ടാണ് ടോട്ടനം കളിയുടെ ആദ്യ പകുതിക്ക് പിരിഞ്ഞത്. വർധിത വീര്യത്തോടെയാണ് ടോട്ടനം രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയത്. അൻപത്തിയഞ്ചാം മിനുറ്റിലും, അൻപത്തിയൊൻപതാം മിനുറ്റിലും ലൂക്കാസ് മോറ നേടിയ ഗോളിൽ ടോട്ടനം മത്സരത്തിൽ ഒപ്പമെത്തി.

മത്സരം തുല്യ സ്കോറിലായതോടെ ഇരു ടീമുകളും കൂടുതൽ ആക്രമിച്ച് കളിക്കാൻ തുടങ്ങി. ഇതിനിടയിൽ ഇരു ടീമുകൾക്കും ലഭിച്ച സുവർണാവസരങ്ങൾ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 96-ം മിനുറ്റിൽ, മത്സരം അവസാനിക്കുമെന്ന് ഉറപ്പിച്ചിരുന്നപ്പോളായിരുന്നു മോറയുടെ മൂന്നാം ഗോൾ പിറന്നത്. മത്സരത്തിൽ ടോട്ടനം 3-2 ന് മുന്നിൽ. ഇരുപാദങ്ങളിലുമായി 3-3 എന്ന‌നിലയിൽ സ്കോർ തുല്യതയിലായെങ്കിലും എവേ ഗോളിന്റെ മുൻ തൂക്കത്തിൽ ടോട്ടൻഹാം ഫൈനലിലേക്കും. ലിവർപൂളാണ് കലാശപ്പോരാട്ടത്തിൽ ടോട്ടനത്തിന്റെ എതിരാളികൾ.