SHARE

കഴിഞ്ഞ ചാമ്പ്യൻസ് ലീ​ഗിൽ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയാണ് ടോട്ടനം ഫൈനലിലെത്തിയത്. ഭാ​ഗ്യത്തിന്റെ അകമ്പടി ആവോളമുണ്ടായിരുന്നെങ്കിലും കുറച്ചുനാളായി മൗറീഷ്യോ പൊച്ചെറ്റിനോയ്ക്ക് കീഴിൽ നടത്തിയ ശ്രമങ്ങൾ വിജയിച്ചതിന്റെ സൂചന കൂടിയായിരുന്നു ഈ മുന്നേറ്റം.

എന്നാൽ ഈ സീസണിൽ ടോട്ടനം പതറുകയാണ്. പ്രീമിയർ ലീ​ഗിൽ തപ്പിത്തടയുന്ന ടോട്ടനം ഇന്നലെ ചാമ്പ്യൻസ് ലീ​ഗിൽ സ്വന്തം മൈതാനത്ത് ബയേണിനോട് നാണം കെട്ടു. ഇം​ഗ്ലീഷ് ലീ​ഗ് കപ്പിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റാണ് ടോട്ടനം പുറത്തായത്. ടീം ഈ ദയനീയ പ്രകടനം തുടരുന്നതിൽ കടുത്ത വിമർശനമാണ് നേരിടുന്നത്.

ടീം പരിശീലകനായ പൊച്ചെറ്റീനോയ്ക്ക് നേരെയാണ് വിരലുകൾ ചൂണ്ടപ്പെടുന്നത്. അർജന്റൈൻ പരിശീലകനായ പൊച്ചെറ്റിനോയ്ക്ക് ക്ലബിനൊപ്പം ഇത് ആറാം സീസണാണ്. ക്ലബ് അധികൃതരിലും കളിക്കാരിലും ഇപ്പോൾ പൊച്ചെറ്റീനോയ്ക്ക് വിശ്വാസം നേടിയെടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

കഴിഞ്ഞ കുറച്ചുനാളുകളായി ട്രാൻസ്ഫർ ജാലകത്തിൽ ടോട്ടനം കാര്യമായൊന്നും ചെയ്യുന്നില്ല. ഇതേച്ചൊല്ലി പൊച്ചെറ്റിനോയും ക്ലബ് ചെയർമാനുമായി തർക്കങ്ങളുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സനുൾപ്പെടയുള്ളവരുമായും പൊച്ചെറ്റിനോയുടെ ബന്ധം രസത്തിലല്ല. ടോബി ആൾഡർവൈറെൾഡ്, ജാൻ വെർതോം​ഗൻ തുടങ്ങിയ സീനിയർ താരങ്ങൾ കരാർ പുതുക്കാൻ മടിക്കുന്നത് പരിശീലകനുമായുള്ള പ്രശ്നത്തെത്തുടർന്നാണെന്നാണ് സൂചന

സീസൺ തുടക്കത്തിൽ റയൽ മഡ്രിഡിലേക്ക് പോകാൻ എറിക്സൻ ഏറെ ശ്രമിച്ചിരുന്നു. ഇത് എറിക്സനും പൊച്ചെറ്റീനോയും തമ്മിൽ അകലാൻ കാരണമായി. ഈ ട്രാൻസ്ഫർ നടന്നില്ലെങ്കിലും പിന്നീട് എറിക്സനെ പലപ്പോഴും ആദ്യ ഇലവനിൽ നിന്ന് പരിശീലകൻ ഒഴിവാക്കിയിരുന്നു. എറിക്സനുമായുള്ള പൊച്ചെറ്റീനോയുടെ പ്രശ്നം ടീമിനെ ആകെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ തന്നെ ടോട്ടനം വിട്ട് മറ്റ് വൻ ടീമുകളുടെ പരിശീലകനാകാനുള്ള താൽപര്യം പൊച്ചെറ്റീനോയും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതും ടീമിനുള്ളിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ ഇപ്പോഴും ടീമിൽ യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞൊഴിയുകയാണ് പൊച്ചെറ്റിനോയും ക്യാപ്റ്റൻ ഹാരി കെയ്നും

 

​​