SHARE

യൂറോപ്പിൽ കളിക്കുന്ന ഏറ്റവും മികച്ച യുവതാരത്തിന് നൽകുന്ന ​ഗോൾഡൻ ബോയ് പുരസ്കാരത്തിന് ഇക്കുറി കടുത്ത മത്സരം. ലോകകപ്പ് ജേതാവ് കെയ്ലിൻ എംബാപെ, ഫിൽ ഫോഡൻ, ക്രിസ്റ്റ്യൻ പുലിസിച്ച് തുടങ്ങിയവരടങ്ങിയ 60 അം​ഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ നിന്നാണ് വിജയിയെ കണ്ടെത്തുക. 21 വയസിൽ താഴെയുള്ളവരെയാണ് ഇതിന് പരി​ഗണിക്കുക.

പി.എസ്.ജിയുടെ ഫ്രഞ്ച് താരം കെയ്ലിൻ എംബാപെയാണ് കഴിഞ്ഞ വർഷത്തെ ജേതാവ്. ഇക്കുറി ലോകകപ്പ് കിരീടനേട്ടവും ക്ലബിനായി നടത്തിയ മികച്ച പ്രകടനവും എംബാപെയെ തന്നെ വീണ്ടും പുരസ്കാരത്തിനർഹനാക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ​ഗോൾഡൻ ബോയ് പുരസ്കാരം നിലനിർത്തുന്ന ആദ്യ താരമെന്ന നേട്ടം എംബാപെ സ്വന്തമാക്കും.

ബൊറൂസിയയുടെ അമേരിക്കൻ താരമാണ് പട്ടികയിലുൾപ്പട്ട പുലിസിച്ച്. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലെ മികച്ച താരമായിരുന്ന ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിനിധിയാണ്. ഇവർക്ക് പുറമെ, റോമയുടെ ജസ്റ്റിൻ ക്ലൈവർട്ട്, പി.എസ്.ജിയുടെ തിമോത്തി വിയ, റയൽ മഡ്രിഡിന്റെ വിനിഷ്യസ് തുടങ്ങിയവരാണ് പട്ടികയിലെ പ്രധാനികൾ.

ഇറ്റാലിയൻ സ്പോർട്സ് പത്രമായ ടൂറ്റോസ്പോർ‍ട്ടാണ് 2003 മുതൽ ഈ പുരസ്കാരം കൊടുത്തുതുടങ്ങിയത്. പിന്നീട് യൂറോപ്പിലെ പ്രധാന മാധ്യമങ്ങൾ ഇവർക്കൊപ്പം ചേർന്നു. നെതർലൻഡിന്റെ റാഫേൽ വാൻ ഡെർ വാട്ടാണ് ആദ്യ ജേതാവ്. പിന്നീട് വെയിൻ റൂണി, ലയണൽ മെസി, ഇസ്കോ, പോൾ പോ​ഗ്ബ തുടങ്ങി പലരും ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.