SHARE

സെരി എ ഒഴികെ യൂറോപ്പിലെ മറ്റ് പ്രധാന ലീഗുകളിലെല്ലാം കിരീടം ആര്‍ക്കെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും, ഫ്രാന്‍സില്‍ പി.എസ്.ജിയും, സ്‌പെയിനില്‍ ബാഴ്‌സലോണയും ജെര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കും എതിരാളികളേക്കാള്‍ ബഹുദൂരം മുന്നില്‍. ഇറ്റലിയിലാണ് യുവന്റസും നാപ്പോളിയും കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടുന്നത്.

ബുന്ദസ് ലീഗയില്‍ ബയേണിന് എതിരാളികളേക്കാള്‍ 18 പോയിന്റിന്റെ ലീഡുണ്ട്. അതായത് ഇനി കുറഞ്ഞത് ആറ് മത്സരങ്ങളെങ്കിലും ബയേണ്‍ തോറ്റാല്‍ മാത്രമേ മറ്റ് ടീമുകള്‍ക്ക് കിരീടം വിദൂരസ്വപ്‌നത്തിലെങ്കിലും കാണാനാകു. എന്നാല്‍ അവിടെ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം അത്യന്തം ആവേശകരമാണ്. റെഡ്ബുള്‍ ലെയ്പ്‌സിഗ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ട്,ബയേര്‍ ലവര്‍ക്യൂസന്‍,ഷാല്‍ക്കെ എന്നീ ടീമുകളാണ് രണ്ടാം സ്ഥാനത്തിനായി കൈമെയ് മറന്ന് പോരാടുന്നത്.

22 ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബയേണിന് 56 പോയിന്റാണുള്ളത്. നിലവില്‍ രണ്ടാമതുള്ള ലെയ്പസിഗിന് 38 പോയിന്റ്. മൂന്നാമതുള്ള ബൊറൂസിയക്ക് 37 പോയിന്റ്, നാലാമതുള്ള ഫ്രാങ്ക്ഫര്‍ട്ടിന് 36 പോയിന്റ്, അഞ്ചാമതുള്ള ലവര്‍ക്യൂസന് 35 പോയിന്റ് ആറാമതുള്ള ഷാല്‍ക്കേയ്ക്ക് 34 പോയിന്റ്. രണ്ട് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍ ഉള്ളവര്‍ തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റ് വീതം മാത്രമാണ്. ഒരു മത്സരം മതി പോയിന്റ് നില മാറി മറിയാന്‍.

ലീഗിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒന്ന് ബയേണ്‍ ഉറപ്പിച്ച മട്ടാണ്. അതിനാല്‍ അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് പിടിച്ചെടുത്ത് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള ശ്രമം കൂടിയാകുമ്പോള്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ സീസണില്‍ പതിനൊന്നാം സ്ഥാനത്തും അതിന് മുമ്പുള്ള സീസണില്‍ 16-ാം സ്ഥാനത്തും സീസണവസാനിപ്പിച്ച ഫ്രാങ്ക്ഫര്‍ട്ടിന്റെ മുന്നേറ്റമാണ് ഈ സീസണില്‍ ശ്രദ്ധേയം. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ മയര്‍ നയിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ടീമില്‍ ഘാന താരം കെവിന്‍ പ്രിന്‍സ് ബോട്ടെങ്, നെതര്‍ലന്‍ഡ് താരം ജെട്രോ വില്ല്യംസ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.