SHARE

അഞ്ചാം എഡിഷൻ ഐ എസ് എല്ലിലെ തങ്ങളുടെ ഒൻപതാം മത്സരത്തിൽ ഇന്നലെ ചെന്നൈയൻസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങിയത് ആദ്യ ഇലവനിൽ നിന്ന് തങ്ങളുടെ നായകൻ സന്ദേശ് ജിങ്കനെ ഒഴിവാക്കിയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളും നോർത്ത് ഈസ്റ്റിനെതിരായ അവസാന മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്ന ജിങ്കനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കാൻ പരിശീലകൻ ജെയിംസ് തീരുമാനിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയെങ്കിലും താരത്തെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയതിൽ പല ആരാധകരും അസ്വസ്ഥരായിരുന്നു.

മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിനിടെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിനോട് ഉയർന്ന പ്രധാന ചോദ്യവും ആദ്യ ഇലവനിൽ നിന്നുള്ള ജിങ്കന്റെ പുറത്താകലിനെക്കുറിച്ചായിരുന്നു. ജിങ്കനെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജെയിംസിന്റെ മറുപടി ഇങ്ങനെയായിരുന്നു. “പരിശീലന സമയത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജിങ്കനെ ആദ്യ ഇലവനിൽ നിന്ന് പുറത്തിരുത്തിയത്. എന്നാൽ പകരക്കാരനായെത്തിയതിന് ശേഷം മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ജിങ്കന്റെ വരവ് കേരളത്തെ കുറച്ച് കൂടി ആക്രമിച്ച് കളിക്കാൻ സഹായിച്ചു. പരിശീലന സമയത്തെ പ്രകടനങ്ങൾ ടീം സെലക്ഷനിലും നിർണായകമാകാറുണ്ട്”. ജെയിംസ് പറഞ്ഞുനിർത്തി.