SHARE

കൊറോണ വൈറസ് ബാധയെത്തുടർന്ന് യൂറോപ്പിലെ ഏതാണ്ടെല്ലാ ഫുട്ബോൾ ലീ​ഗുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പതിവിലും രണ്ടോ മൂന്നോ മാസം വൈകിയാകും ഇക്കുറി പ്രധാന ലീ​ഗുകളിലെ സീസൺ‍ അവസാനിക്കു. ചാമ്പ്യൻസ് ലീ​ഗ് പോരാട്ടങ്ങളും ഇതിനനുസരിച്ച് വൈകും.

ലീ​ഗ് വൈകിയവസാനിക്കുന്നതോടെ അടുത്ത സീസണിന് മുന്നോടിയായുള്ള ട്രാൻസ്ഫർ ജാലകത്തിന്റെ കാലാവധി നീട്ടാനുള്ള ആലോചനയിലാണ് ഫിഫ എന്നാണ് പുതിയ റിപ്പോർട്ടുകൾ. ടെലി​ഗ്രാഫ് അടക്കമുള്ള പത്രങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. സാധാരണ മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾക്കിടിയാണ് യൂറോപ്പിലെ പ്രധാന ലീ​ഗുകളിലെയെല്ലാം പ്രീ സീസൺ ട്രാൻസ്ഫർ ജാലകം. എന്നാൽ അടുത്ത സീസണിൽ ട്രാൻസ്ഫർ ജാലകം നിശ്ചയിച്ച സമയത്ത് തന്നെ തുറന്ന് ജനുവരയിൽ അവസാനിപ്പിക്കുന്ന തരത്തിലുള്ള മാറ്റത്തിനാണ് ഫിഫ സാധ്യത തേടുന്നത്.

-Advertisement-

അങ്ങനെ വന്നാൽ ഇടക്കാല ട്രാൻസ്ഫർ ജാലകം ഉണ്ടാവില്ല. പകരം തുടർച്ചയായി ഏഴ് മാസത്തോളം നീളുന്ന ട്രാൻസ്ഫർ ജാലകമാണ് ഉണ്ടാകുക. അതായത് സീസണിലെ ആദ്യ പകുതി പൂർണമായും ട്രാൻസ്ഫർ നടത്താൻ ക്ലബുകൾക്ക് അവസരമുണ്ടാകും. ട്രാൻസ്ഫർ ജാലകം നീട്ടുന്നതോടെ സീസൺ തുടങ്ങിയ ശേഷം വൻതുകയുടെ ഇടപാടുകൾ ക്ലബുകൾ തമ്മിൽ നടക്കുന്നത്, നിലവിൽ നേരടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടകക്കാൻ സഹായിക്കുമെന്നാണ് ഫിഫ പ്രതീക്ഷിക്കുന്നത്.