SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ ഐപിഎല്ലിൽ കിരീടം ചൂടിയിട്ടുള്ള അവർ ഇക്കുറിയും ടൂർണമെന്റിലെ ഫേവറിറ്റുകളാണ്.‌ മുംബൈ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മുന്നോട്ട് പോകുന്നതിനിടെ ഇപ്പോളിതാ അവരെ മറ്റ് ഐപിഎൽ ഫ്രാഞ്ചൈസികളിൽ നിന്ന് വേറിട്ട് നിർത്തുന്നത് എന്താണെന്ന കാര്യത്തിൽ മനസ് തുറന്നിരിക്കുകയാണ് ടീമിന്റെ ന്യൂസിലൻഡ് സ്റ്റാർ പേസറായ ട്രെന്റ് ബോൾട്ട്.

മുംബൈ ഇന്ത്യൻസിനെ മറ്റ് ഐപിഎൽ ടീമുകളിൽ നിന്ന് വ്യത്യസ്തരാക്കി നിർത്തുന്ന പല കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ബോൾട്ട്, അതിൽ ഏറ്റവും പ്രധാനം അവർ താരങ്ങളിൽ വളർത്തിയെടുക്കുന്ന ആത്മവിശ്വാസമാണെന്നാണ് പറയുന്നത്. പല‌ സാഹചര്യങ്ങളിലും എന്താണ് വേണ്ടതെന്ന കാര്യത്തിൽ ടീം മികച്ച രീതിയിൽ ഗവേഷണം നടത്തുകയും, പരിശീലിക്കുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബോൾട്ട് ഇക്കാരണങ്ങളാലാണ് അവർ വിജയകരമായ ഒരു ഫ്രാഞ്ചൈസിയായി തുടരുന്നതെന്നും കൂട്ടിച്ചേർത്തു.

“മുംബൈയെ മറ്റ് ഐപിഎൽ ഫ്രാഞ്ചൈസികളിൽ നിന്ന് വേറിട്ട് നിർത്തുന്ന‌ പല കാരണങ്ങളുണ്ട്. എന്നാൽ അവർ കളികാരിൽ വളർത്തുന്ന ആത്മവിശ്വാസം അതിൽ പ്രധാനമാണ്. ഓരോ സാഹചര്യങ്ങളിലും എന്താണ് വേണ്ടതെന്ന കാര്യത്തിൽ അവർ നന്നായി ഗവേഷണം നടത്തുകയും, മികച്ച രീതിയിൽ പരിശീലിക്കുകയും ചെയ്യുന്നു. ഈ കാരണങ്ങളാൽ അവർ ഐപിഎല്ലിലെ വിജയകരമായ ഒരു ഫ്രാഞ്ചൈസിയാണ്. ഞാൻ ഇവിടെയുള്ള എന്റെ സമയം ആസ്വദിക്കുന്നു. മുംബൈക്കൊപ്പം വളരെ മികച്ച രണ്ട് സീസണുകളാണ് എനിക്ക്‌ ലഭിച്ചത്.” ബോൾട്ട് പറഞ്ഞു നിർത്തി.