SHARE

ഐപിഎല്ലിന്റെ ആദ്യ പാദത്തിൽ മിച്ചൽ മാർഷ്‌ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് പകരം ഇംഗ്ലണ്ട് സ്റ്റാർ ഓപ്പണർ ജേസൺ റോയെ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. എന്നാൽ ടീമിന്റെ പ്രകടനം ദയനീയമായെങ്കിലും ഇതു വരെ ഒരു മത്സരത്തിൽപ്പോലും റോയ്ക്ക് ഹൈദരാബാദിന്റെ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല. ടീമിന്റെ സൂപ്പർ താരമായ‌ ഡേവിഡ് വാർണർ ഓപ്പണിംഗിൽ മോശം ഫോമിൽ തുടരുന്ന സാഹചര്യത്തിൽ റോയ്ക്ക് ഒരവസരമെങ്കിലും ഹൈദരാബാദ് നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.

ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെട്ടതിന് പിന്നാലെ സംസാരിക്കവെ ജേസൺ റോയ് അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന ചോദ്യം ഹൈദരാബാദ് പരിശീലകൻ ട്രെവർ ബെയ്ലിസിന് നേരിടേണ്ടി വന്നു. രാജസ്ഥാൻ റോയൽസിനെതിരെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ റോയ് കളിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ തയ്യാറാകാതിരുന്ന ബെയ്ലിസ്, ഞായറാഴ്ച നടക്കാനിരിക്കുന്ന ടീം മീറ്റിംഗിലാണ് പ്ലേയിംഗ് ഇലവൻ തിരഞ്ഞെടുക്കുന്ന കാര്യം തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കി.

“ജേസൺ റോയ് ഞങ്ങളുടെ കൈവശം അധികമുള്ള വിദേശ ബാറ്ററാണ്. മാനേജ്മെന്റ് ഒരുമിച്ച് ചർച്ച ചെയ്യുകയും, ഒരു ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്യുമെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട്. ഞാൻ ഇപ്പോൾ ഒരു ടീമിനെ തിരഞ്ഞെടുക്കാൻ പോകുന്നില്ല. ഞങ്ങൾ അതേക്കുറിച്ച് ചിന്തിക്കുകയും, നാളെ ഒരു സെലക്ഷൻ മീറ്റിംഗ് നടത്തുകയും ചെയ്യും.” ബെയ്ലിസ് പറഞ്ഞു.

അതേ സമയം പതിനാലാം എഡിഷൻ ഐപിഎല്ലിൽ അതിദയനീയ പ്രകടനമാണ് സൺ റൈസേഴ്സ് ഹൈദരാബാദിന്റേത്. സീസണിൽ ഇതു വരെ കളിച്ച 9 മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടാനായ ഹൈദരാബാദ്, പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. ഇന്നലെ പഞ്ചാബിനോടേറ്റ തോൽവിയോടെ ഈ ഐപിഎല്ലിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായും ഹൈദരാബാദ് മാറിക്കഴിഞ്ഞു.