SHARE

കഴിഞ്ഞ ദിവസം നടന്ന കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ് ഗെയിൽ നായകനായിട്ടുള്ള സെന്റ് കിറ്റ്സ് ആന്റ് നെവിസിനെ ട്രിൻബാബോ നൈറ്റ് റൈഡേഴ്സ് 46 റൺസിന് പരാജയപ്പെടുത്തി‌. 76 റൺസെടുത്ത ന്യൂസിലൻഡ് താരം കോളിൻ മൺറോയുടെ ബാറ്റിംഗ് മികവിൽ 199/4 എന്ന സ്കോർ പടുത്തുയർത്തിയ ട്രിൻബാബോയ്ക്കെതിരെ 153 റൺസ് സ്കോർ ചെയ്യാനേ സെന്റ് കിറ്റ്സിന് കഴിഞ്ഞുള്ളൂ. മൺറോയാണ് കളിയിലെ കേമൻ.

മത്സരത്തിൽ ടോസ് നേടിയ സെന്റ് കിറ്റ്സ് എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കോളിൻ മൺറോ തകർത്തടിക്കാൻ തുടങ്ങിയതോടെ ട്രിൻബാബോ മത്സരത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു‌. മൺറോ 50 പന്തിൽ 3 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 76 റൺസ് നേടിയപ്പോൾ, 35 റൺസെടുത്ത ബ്രെണ്ടൻ മക്കല്ലവും, 11 പന്തിൽ 37 റൺസെടുത്ത ഡ്വെയിൻ ബ്രാവോയും 199/4 എന്ന കൂറ്റൻ സ്കോറിലേക്ക് ടീമിനെ എത്തിച്ചു.

200 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ സെന്റ് കിറ്റ്സിന് വേണ്ടി ഓപ്പണർ എവിൻ ലെവിസ് അർധ സെഞ്ചുറി നേടിയപ്പോൾ നായകൻ ക്രിസ് ഗെയിൽ 9 റൺസെടുത്ത് പുറത്തായി നിരാശപ്പെടുത്തി‌. 52 റൺസെടുത്ത് പുറത്തായ ലെവിസിന് പുറമേ മറ്റ് സെന്റ് കിറ്റ്സ് ബാറ്റ്സ്മാന്മാർക്കാർക്കും മികവിലേക്കുയരാൻ സാധിക്കാതെ വന്നതോടെ നിശ്ചിത 20 ഓവറിൽ 153/8 എന്ന സ്കോർ വരെയെത്താനേ അവർക്ക് കഴിഞ്ഞുള്ളൂ.