SHARE

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നവംബറില്‍ നടക്കേണ്ട ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം മാറ്റിവയ്ക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയോട് രേഖാമൂലം ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. നവംബറില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതുകൊണ്ട് ജനുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരേ പരമ്പരയിലെ ഒരു മത്സരം നല്കണമെന്നുമാണ് കെസിഎയുടെ പക്ഷം. ഇക്കാര്യം ഉന്നയിച്ച് കത്ത് നല്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.

കേരളത്തിന് ലഭിച്ച ഏകദിനം കൊച്ചിയില്‍ നടത്തുമെന്ന് കെസിഎ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ ടര്‍ഫ് പൊളിച്ച് ക്രിക്കറ്റ് നടത്തുന്നതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഇടപ്പെട്ടതോടെയാണ് തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാന്‍ കെസിഎ സമ്മതിച്ചത്. ഇപ്പോള്‍ കെസിഎയുടെ നിലപാട് നവംബറിലെ ഏകദിനത്തിന്റെ കാര്യം അനിശ്ചിതത്തിലാക്കിയിട്ടുണ്ട്. അനുവദിച്ച വേദിയില്‍ മത്സരം നടത്താനായില്ലെങ്കില്‍ ബിസിസിഐ ഭാവിയില്‍ മത്സരം നടത്താനുള്ള അവകാശം പോലും നല്കിയേക്കില്ല.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ കേരളം വേദിയായത് പതിനൊന്ന് രാജ്യാന്തരമല്‍സരങ്ങള്‍ക്കാണ്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ ക്രിക്കറ്റ് പൂരമാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിനെ തേടിയെത്തിയത്. ഇതാണ് പുതിയ തീരുമാനത്തോടെ അനിശ്ചിതത്തിലായത്. ഐപിഎല്‍ ഉള്‍പ്പെടെ കൂടുതല്‍ മത്സരങ്ങള്‍ക്കായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അവകാശ വാദം ഉന്നയിക്കാനിരിക്കെയാണ് കെസിഎയുടെ മലക്കംമറിച്ചില്‍.