SHARE

പാനമയ്‌ക്കെതിരെ ലോകകപ്പിലെ അവസാന മത്സരം കളിക്കാന്‍ ഒരുങ്ങുമ്പോള്‍ സമാനതകളില്ലാത്ത വെല്ലുവിളിയാണ് ടൂണീഷ്യ നേരിടുന്നത്. ടീമിലെ രണ്ടു ഗോള്‍ കീപ്പര്‍മാരും പരുക്കേറ്റ് മടങ്ങിയതാണ് ടുണീഷ്യക്ക് തിരിച്ചടിയാവുന്നത്. ടീമിനൊപ്പം നിലവില്‍ മൂന്നാം കീപ്പര്‍ അയ്മന്‍ മത്‌ലൂത്തി മാത്രമാണുള്ളത്.

ഒരു ഗോള്‍ കീപ്പറെ കൂടി എത്തിക്കാന്‍ ഫിഫയ്ക്ക് അപ്പീല്‍ നല്‍കിയെങ്കിലും നിയമം എതിരായതിനാല്‍ ഫിഫ അക്കാര്യം അനുവദിച്ചില്ല. അതോടെ ടീമിന്റെ സ്‌ട്രൈക്കര്‍ ഫഖ്‌റെദ്ദീന്‍ ബെന്‍ യൂസഫിനെ രണ്ടാം ഗോള്‍കീപ്പറായി ബെഞ്ചിലിരുത്തി കളത്തിലിറങ്ങാനാണ് ടൂണീഷ്യയുടെ നീക്കം. ആദ്യ മത്സരത്തില്‍ 16 മിനുട്ട് മാത്രം കളിച്ചതിന് ശേഷം ഒന്നാം നമ്പര്‍ കാവല്‍ക്കാരന്‍ മൗസ് ഹസന്‍ പരുക്കേറ്റ് മടങ്ങുകയായിരുന്നു.

പകരമെത്തിയ ഫാറൂഖ് ബെന്‍ മുസ്തഫക്ക് ബെല്‍ജിയത്തിനെതിരെ നടന്ന മത്സരത്തില്‍ കാല്‍മുട്ടിനും പരുക്കേറ്റു. ഇരുവരും ചികിത്സയിലാണ്. രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തായ ടൂണീഷ്യയ്ക്കും പാനമക്കും ഇന്നത്തെ മത്സരം അഭിമാനത്തിന്റെ പ്രശ്‌നമാണ്. ലോകകപ്പിലെ ഒരു വിജയത്തിന് വേണ്ടിത്തന്നെയാണ് ഇരുകൂട്ടരും ഇറങ്ങുന്നത്.