സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയ്ക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ കനത്ത പ്രഹരമേൽപ്പിക്കാനൊരുങ്ങി റയൽ മഡ്രിഡ്. തുർക്കിഷ് യുവതാരം അർദ ഗുലാറിന്റെ സൈനിങ്ങാണ് റയൽ പൂർത്തിയാക്കാനൊരുങ്ങുന്നുത്. വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
18 വയസുകാരനായ ഈ മിഡ്ഫീൽഡർ തുർക്കി ക്ലബ് ഫെനർബാഷെയുടെ താരമാണ്. തുർക്കി ക്ലബിനായ നടത്തിയ തകർപ്പൻ പ്രകടനത്തോടെ ഇതിനകം വൻ ശ്രദ്ധ നേടിയ താരം കൂടിയാണ് ഗുലാർ. ഇക്കുറി ബാഴ്സലോണ ഈ താരത്തിനായി രംഗത്തെത്തിയിരുന്നു. ഈ നീക്കം പൂർത്തായിക്കാൻ ബാഴ്സ തയ്യാറെടുത്തിരുന്നെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനിടയിലാണ് റയലിന്റെ ഇടപെടൽ.
റിപ്പോർട്ടുകൾ പ്രകാരം താരത്തിനായി റയൽ 20 ദശലക്ഷം യൂറോ വരുന്ന ബിഡ് സമർപ്പിച്ചു. ഫെനാർബാഷെ മുന്നോട്ടുവച്ച റിലീസ് ക്ലോസിനേക്കാൾ കൂടുതലാണിതെന്നാണ് സൂചന. റയലിലേക്കുള്ള നീക്കത്തിന് ഗുലാർ പച്ചക്കൊടി കാട്ടിയെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ഇന്നോ നാളെയോ ആയി ഈ നീക്കം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് റയൽ.