SHARE

സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിൽ റിപ്പോർട്ട് ചെയ്ത രണ്ട് കോവിഡ് കേസുകൾ ടീമിലെ താരങ്ങൾക്ക് തന്നെയെന്ന് റിപ്പോർട്ടുകൾ. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ കാര്യത്തിൽ ആശങ്ക പടരുകയാണ്. വ്യാഴാഴ്ച റെഡ്ബുൾ ലെയ്പ്സി​ഗിനെതിരെയാണ് അത്ലെറ്റിക്കോയുടെ മത്സരം

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ കളിക്കാനായി പോർച്ചു​ഗലിലേക്ക് പോകും മുമ്പായി പരിശോധന നടത്തിയപ്പോഴാണ് രണ്ട് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ഇത് ക്ലബ് സ്ഥിരീകരിച്ചു. എന്നാൽ ടീമിലെ താരങ്ങൾക്കാണോ പരിശീലസംഘത്തിലെ ആർക്കെങ്കിലുമാണോ ഇതെന്ന് ക്ലബ് വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് സ്പാനിഷ് മാധ്യമങ്ങളാണ്, രണ്ട് താരങ്ങൾക്ക് തന്നെയാണ് കോവിഡെന്ന് അറിയിച്ചത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവർ സ്പെയിനിലെ വീട്ടിൽ തന്നെ ഐസോലേഷനിലാണ്.

-Advertisement-

ഇതോടെ പോർച്ചു​ഗലിലെത്തിയശേഷം അത്ലെറ്റിക്കോ സംഘാം​​ഗങ്ങൾ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. ഇതിൽ ഒരുപക്ഷെ കൂടുതൽ പേർ പോസിറ്റീവാകുമോ എന്നതാണ് ക്ലബിന്റെ ഭയം. കൂടുതൽ പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചാൽ അത് മത്സരത്തെ തന്നെ ബാധിക്കുമെന്നതും ആശങ്കയാണ്.