SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനായുള്ള തയ്യാറെടുപ്പുകളിലാണ് ക്ലബുകൾ. മിക്കവാറും ക്ലബുകളും പ്ലെയർ അനൗൺസ്മെന്റ് തുടങ്ങിക്കഴിഞ്ഞു. എ.ടി.കെ മോഹൻബ​ഗാൻ, ബെം​ഗളുരു എഫ്.സി എന്നീ ക്ലബുകളാണ് ഇക്കാര്യത്തിൽ മുന്നിൽ. പുറത്തുവരുന്ന സൂചനകൾ പ്രകാരം ഈ ക്ലബുകൾ വിദേശസൈനിങ്ങുകൾ പൂർത്തിയാക്കികഴിഞ്ഞു.

ഏ.എഫ്.സി കപ്പിൽ കളിക്കേണ്ടതിനാൽ തന്നെ ഈ രണ്ട് ക്ലബുകളും മറ്റുള്ളവരേക്കാൾ മുമ്പ് തയ്യാറെടുപ്പുകൾ തുടങ്ങി. ഏ.എഫ്.സി കപ്പിന് നാല് വിദേശതാരങ്ങളെയെ ടീമുകൾക്ക് ഉൾപ്പെടുത്താനാകു. അതിനാൽ തന്നെ ബ​ഗാനും ബെം​ഗളുരുവും അക്കാര്യം ഉറപ്പാക്കിക്കഴിഞ്ഞു.

കഴിഞ്ഞ സീസണിൽ കളിച്ച ടിരി, കാൾ മ​ഗ്ഹോ എന്നിവർ ഇക്കുറിയും ബ​ഗാനൊപ്പമുണ്ടാകുമെന്ന് ഉറപ്പാണ്. ഫിൻലൻഡ് താരം ജോണി കൗക്കോ, ഫ്രഞ്ച് താരം ഹ്യൂ​ഗോ ബോമോ എന്നിവരെയാണ് ഇക്കുറി ക്ലബ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസ് ക്ലബിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ആകെ സംശയമുള്ളത് റോയ് കൃഷ്ണയുടെ കാര്യത്തിലാണ്. മറ്റ് ഐ.എസ്.എൽ ക്ലബുകൾ നോട്ടമിടുന്നതിന് പുറമെ വിദേശരാജ്യങ്ങളിൽ നിന്ന് ഓഫറുകളുണ്ട് റോയിക്ക്. എങ്കിലും സൂചനകൾ പ്രകാരം റോയ് ബ​ഗാനിൽ തുടരും. ബ​ഗാന്റെ വിദേശ സൈനിങ്ങുകൾ ഏതാണ്ട് പൂർത്തിയയെന്നാണ് പ്രശസ്ത ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോയും സൂചിപ്പിക്കുന്നത്.

യോൺഡു മുസാവോ കിങ്, പ്രിൻസ് ഇബാറ, അലൻ കോസ്റ്റ എന്നിവരുടെ സൈനിങ്ങാണ് ബെം​ഗളുരു ഇതുവരെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ കളിച്ച മുന്നേറ്റതാരം ക്ലെയ്റ്റൻ സിൽവ ക്ലബിൽ തുടരുമെന്നും ഉറപ്പായി. ഓസ്ട്രേലിയൻ താരം എറിക്ക് പാർത്താലുവിന്റെ കാര്യത്തിലാണ് സംശയം. താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എങ്കിലും ഏ.എഫ്.സി കപ്പിൽ പാർത്താലു ടീമിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നച്. ക്ലബിലെ ആറാം വിദേശതാരത്തിന്റേയും സൈനിങ് പൂർത്തിയായന്നാണ് റിപ്പോർട്ടുകൾ.

മാർക്കസ് നൽകുന്ന സൂചനകൾ പ്രകാരം ഹൈദരാബാദ് എഫ്.സി, ജെംഷദ്പുർ എഫ്.സി എന്നീ ക്ലബുകളും വിദേശസെനിങ്ങുകൾ ഏതാണ്ട് പൂർത്തിയാക്കി. ഇരുക്ലബുകൾക്കും ഇനി ഒരും സൈനിങ് കൂടിയെ നടത്താനുള്ളു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്.സി ​ഗോവ എന്നിവർക്ക് രണ്ട് സൈനിങ്ങുകൾ വീതം നടത്താനുണ്ട്.