SHARE

വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് ക്രിക്കറ്റ് താരങ്ങളെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവയ്പ് കേസിലാണ് രഞ്ജി താരങ്ങള്‍ അറസ്റ്റിലായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സിഎം ഗൗതം സ്പിന്നര്‍ അബ്രാര്‍ കാസി എന്നിവരെയാണ് ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കര്‍ണ്ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു ഇതേ തുടര്‍ന്നാണ് അറസ്റ്റ്. ഗൗതം ഇപ്പോള്‍ ഗോവയ്ക്കുവേണ്ടിയും കാസി മിസോറാമിനു വേണ്ടിയുമാണ് കളിക്കുന്നത്. ഐപിഎല്‍ ടീമുകളായ ആര്‍സിബി,മുംബൈ ഇന്ത്യന്‍സ്, ഡെല്‍ഹി ഡെയര്‍ ഡവിള്‍സ് എന്നിവയിലും ഗൗതം കളിച്ചിട്ടുണ്ട്. ഇരുവരേയും കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു.

കെപിഎല്ലില്‍ ബെല്ലാരി ടസ്‌കേഴ്‌സിന്റെ നായകനായ ഗൗതം ഫൈനല്‍ തോറ്റുകൊടുക്കാന്‍ 20 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഇരുപത് പന്തില്‍ 10 റണ്‍സില്‍ കുറവെടുത്താല്‍ നിശ്ചിത തുകയാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ലഭിക്കുക. ഒരോവറില്‍ 10 റണ്‍സിലധികം വിട്ടുകൊടുത്താലാണ് ബൗളര്‍മാര്‍ക്ക് പണം ലഭിക്കുക. അന്വേഷണത്തില്‍ നാല് കളിക്കാരും രണ്ട് പരിശീലകരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.