SHARE
പിൽക്കിങ്ടൻ, ആരോൺ ഹോളോവേ

ഐ.എസ്.എല്ലിലേക്ക് പ്രവേശം നേടിയെത്തുന്ന ഈസ്റ്റ് ബം​ഗാൾ കിടിലൻ തയ്യാറെടുപ്പുകൾ നടത്തുന്നു. പരിശീലകനായി റോബി ഫൗളറിനെ പ്രഖ്യാപിച്ച ടീം ആദ്യ വിദേശതാരമായി സ്കോട് നെവിലിനേയും ടീമിലെത്തിച്ചിരുന്നു. പിന്നാലെയിതാ രണ്ട് വിദേശതാരങ്ങളുടെ കൂടി സൈനിങ് പ്രഖ്യാപിച്ചിരിക്കുകയാണ് ഈസ്റ്റ് ബം​ഗാൾ.

ഐറിഷ് മധ്യനിരതാരം അന്റണി പിൽക്കിങ്ടനും വെയിൽസ് മുന്നേറ്റതാരം ആരോൺ ഹോളോവേയുമാണ് കൊൽക്കത്ത ക്ലബിലെത്തുന്നത്. കാർഡിഫ് സിറ്റി, നോർവിച്ച് സിറ്റി, ഹഡേഴ്സ്ഫീൽഡ് ടൗൺ തുടങ്ങി ഒട്ടേറെ ഇം​ഗ്ലീഷ് സൂപ്പർക്ലബുകളിൽ കളിച്ചശേഷമാണ് പിൽക്കിങ്ടൻ ഇന്ത്യയിലെത്തുന്നത്. 32-കാരനായ പിൽക്കിങ്ടൻ ഏറ്റവുമൊടുവിൽ കളിച്ചത് വി​ഗാൻ അത്ലെറ്റിക്കിനായാണ്. ഐറിഷ് ദേശീയ ടീമിനായി ഒമ്പത് തവണയും പിൽക്കിങ്ടൻ ബൂട്ടുകെട്ടിയിട്ടുണ്ട്.

27-കാരനായ ആരോൺ ഓസ്ട്രേലിയൻ ക്ലബ് ബ്രിസ്ബേൻ റോർസിലാണ് ഒടുവിൽ കളിച്ചത്. അവിടേയും റോബി ഫൗളറായിരുന്നു പരിശീലകൻ. വെയിൽസിന്റെ യൂത്ത് ടീമുകളിൽ കളിച്ചിട്ടുള്ള ആരോണിന് സീനിയർ ടീമിലേക്ക് മുന്നേറാനായിട്ടില്ല.