SHARE

കഴിഞ്ഞ ദിവസമായിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, തങ്ങളുടെ താരങ്ങളുടെ വാർഷിക കരാർ പട്ടിക പുറത്ത് വിട്ടത്. മൊഹമ്മദ് ആമിർ, ഹസൻ അലി, വഹാബ് റിയാസ് തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് കരാറിൽ ഇടം ലഭിക്കാത്തതായിരുന്നു ഏറ്റവും ശ്രദ്ധേയം. ഇപ്പോളിതാ വാർഷിക കരാറിൽ നിന്ന് പുറത്തായ‌ മൊഹമ്മദ് ആമിറും, ഹസൻ അലിയും ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

കരാർ പട്ടികയിൽ ഇടം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ താരങ്ങൾ ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പ് ലീവ് ചെയ്തത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. എന്നാൽ ഹസൻ അലി, മൊഹമ്മദ് ആമിർ തുടങ്ങിയ താരങ്ങൾ ഗ്രൂപ്പ് വിട്ടപ്പോളും, കരാർ പട്ടികയിൽ നിന്ന് പുറത്തായ വഹാബ് റിയാസ് ഗ്രൂപ്പിൽ തുടരുന്നുണ്ട് എന്നാണ്‌ സൂചന. പുറത്ത് വരുന്ന വാർത്തകൾ ശരിയാവുകയാണെങ്കിൽ ഇതുമായി ചുറ്റിപ്പറ്റി കൂടുതൽ വിവാദങ്ങൾ പാക് ക്രിക്കറ്റിൽ സംഭവിച്ചേക്കാനുള്ള സാധ്യതകളുണ്ട്.

അതേ സമയം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി നിശ്ചിത ഓവർ മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതാണ് മൊഹമ്മദ് ആമിർ, വഹാബ് റിയാസ് എന്നിവർ വാർഷിക കരാറിൽ നിന്ന് പുറത്താകാൻ കാരണം. പക്ഷേ കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും പരിക്കിനെത്തുടർന്ന് നഷ്ടമായതിനാലാണ് ഹസൻ അലിക്ക് കരാർ പട്ടികയിൽ നിന്ന് പുറത്ത് പോകേണ്ടി‌വന്നത്.