SHARE

മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിന് വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ തവണ സെമിഫൈനലില്‍ ഓസ്ട്രലിയയോട് തോറ്റു പുറത്തായ ഇന്ത്യ ഇത്തവണ കിരീടം നേടുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്.

എന്നാല്‍ ലോകകപ്പിന് മുമ്പ് മധ്യനിരയിലെ സ്ഥിരതയില്ലായ്മയും ഓള്‍ റൗണ്ടര്‍മാര്‍ മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സ് പുറത്തെടുക്കാത്തതും ഇന്ത്യയെ അലട്ടുന്നുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കുറച്ചു നാളുകളായി മധ്യനിരയില്‍ ഇന്ത്യയുടെ പ്രകടനം ആശാവഹമല്ല. എന്നാല്‍ ലോകകപ്പിന് മുമ്പ് ഇതെല്ലാം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഓള്‍ റൗണ്ടര്‍മാരുടെ കാര്യത്തിലാണ് നിരവധി ചര്‍ച്ചകള്‍ നടക്കുന്നത്. രവീന്ദ്ര ജഡേജയോ ഹാര്‍ദിക് പാണ്ഡ്യയോ അതോ വിജയ് ശങ്കര്‍ ആണോ ലോകകപ്പ് ടീമിലെത്തുകയെന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞു കഴിഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്നുണ്ട് വിജയ് ശങ്കര്‍.

എന്നാല്‍ ഓള്‍റൗണ്ടര്‍മാരുടെ ഭാഗത്ത് നിന്ന് മികച്ച സംഭാവനകള്‍ ആവശ്യമാണെന്ന് ഇന്ത്യയുടെ മുന്‍കാല ലോകകപ്പ് വിജയങ്ങള്‍ ചൂണ്ടിക്കാട്ടുണ്ട്. 2011-ൽ യുവരാജ് സിംഗും 1983-ൽ കപിൽദേവ്, മൊഹീന്ദ‍ര്‍ അമര്‍നാഥ് തുടങ്ങിയ ഓൾ റൗണ്ടര്‍മാര്‍ ഇന്ത്യൻ കിരീടവിജയങ്ങളിൽ നിര്‍ണ്ണായകമായ പങ്കുവഹിച്ചിരുന്നു. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.