SHARE
ഫയൽ ചിത്രം

ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണിൽ ഏറെ ചർച്ച ചെയ്യുപ്പെടുന്നതാണ് റെഫറിയിങ് പിഴവുകൾ. ലീ​ഗ് പാതിഘട്ടം പോലും പിന്നിടും മുമ്പ് തന്നെ പല ക്ലബ് പരിശീലകരും റെഫറി പിഴവുകളെക്കുറിച്ച് പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഈസ്റ്റ് ബം​ഗാൾ ഒരുപടി കൂടി കടന്ന് രണ്ട് വട്ടം പരാതി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതിൽ ഇടപെടൽ ശക്തമാക്കി.

ഐ.എസ്.എല്ലിൽ മത്സരങ്ങൾ നിയന്ത്രിച്ചിരുന്ന രണ്ട് റെഫറിമാരുടെ സേവനം അവസാനിപ്പിക്കാൻ ഫെഡറേഷൻ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരന്തരം പിഴവുകൾ വരുത്തുകയും പ്രകടനം മെച്ചപ്പെടുത്താതിരിക്കുകയും ചെയ്ത രണ്ട് റെഫറിമാരോടാണ്, ഇനി മത്സരങ്ങൾ നിയന്ത്രിക്കേണ്ടന്ന് ഫെഡറേഷൻ അറിയിച്ചത്. എന്നാൽ ഇവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഈ രണ്ട് റെഫറിമാരും 2021 തുടങ്ങിയശേഷം ഒരു മത്സരം പോലും നിയന്ത്രിച്ചിട്ടില്ല.

ഈ സീസണിൽ മിക്കവാറും മത്സരങ്ങളിൽ റെഫറി പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ഈസ്റ്റ് ബം​ഗാളിന്റെ റോബി ഫൗളർ, ജെംഷദ്പുരിന്റെ ഓവൻ കോയ്ൽ, ​ഗോവയുടെ ജുവാൻ ഫെറാൻഡോ തുടങ്ങിയ പരിശീലകർ റെഫറിയിങ്ങിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.