SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിനോട് രണ്ട് താരങ്ങൾ കൂടി വിടപറഞ്ഞു. ​ഗോളി അൽബിനോ ​ഗോമസ്, വിങ്ങർ സെയ്ത്യാസെൻ സിങ് എന്നിവരാണ് ക്ലബ് വിട്ടത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമെത്തി.

2020-21 സീസണിലാണ് അൽബിനോ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബിന്റെ ഫസ്റ്റ് ​ഗോളിയായിരുന്ന അൽബിനോ, കഴിഞ്ഞ സീസണിലും ആ ദൗത്യം തുടർന്നു. എന്നാൽ സീസണിനിടെ പരുക്കേറ്റ താരം മാസങ്ങളോളം പുറത്തിരിക്കണ്ടിവന്നു. അൽബിനോയ്ക്ക് പകരം ​ഗോൾവലയ്ക്ക് മുന്നിലെത്തിയ പ്രഭസുഖാൻ ​ഗിൽ, തന്റെ ദൗത്യം ​ഗംഭീരമാക്കി അതുവഴി ഒന്നാം ​ഗോളി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ സീസണിൽ എത്തിയ സീനിയർ ​ഗോൾ കരൺജിത് സിങ് ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അൽബിനോ ​ഗോമസ് ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്നത്.

30-കാരനായ സെയ്ത്യാസെൻ 2019 മുതൽ ബ്ലാസ്റ്റേഴ്സ് നിരയിലെ സാന്നിധ്യമാണ്. കഴിഞ്ഞ സീസണിനിടെ ഈ വിങ്ങർ ഹൈദരബാ​ദ് എഫ്സിയിലേക്ക് ലോണിൽ പോയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സെയ്ത്യാസെൻ ബ്ലാസ്റ്റേഴ്സ് വിടുന്നത്.