SHARE

 

ആഴ്‌സനല്‍ താരങ്ങള്‍ക്കു വീണ്ടും സുരക്ഷാ ഭീഷണി. ടീമംഗമായ മെസ്യൂട്ട് ഓസിലിന്റെ വീടിനു സമീപത്തു നിന്നുമാണ് രണ്ടുപേര്‍ അറസ്റ്റിലായത്. സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്നു മെസ്യൂട്ട് ഓസിലിനെയും സയ്യിദ് കൊളാസിനാക്കിനേയും പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടക്കുന്ന ന്യൂ കാസ്റ്റിലിനെതിരായ മത്സരത്തില്‍ നിന്നും ആഴ്‌സനല്‍ ഒഴിവാക്കിയിരുന്നു. താരങ്ങളുമായി സംസാരിച്ച ശേഷമായിരുന്നു ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

ഇരു താരങ്ങളും കഴിഞ്ഞയിടെ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഒരു തെരുവില്‍ ആക്രമിക്കപ്പെട്ടിരുന്നു. ആയുധധാരികളായ ഒരു സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടാന്‍ ശ്രമിക്കുകയായിരുന്നു. കഷ്ടിച്ചായിരുന്നു ഇരു താരങ്ങളും ഇവരില്‍ നിന്നു രക്ഷപെട്ടത്. ഇതേ തുടര്‍ന്ന് സുരക്ഷാഭീഷണി നിലനില്‍ക്കുന്നു എന്ന റി്പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും ഇന്നത്തെ മത്സരത്തില്‍ നിന്നൊഴിവാക്കിയത്.

വീടിനു പുറത്തെത്തിയ അജ്ഞാതരായ രണ്ടുപേര്‍ തങ്ങളെ തടഞ്ഞ സുരക്ഷാ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു താരങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണട്.