SHARE

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ഗോള്‍വല കാത്ത ധീരജ് സിംഗ് കഴിഞ്ഞ ദിവസമാണ് ഐ എസ് എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തിയത്. ഇപ്പോഴിതാ, ലോകകപ്പ് ടീമില്‍ കളിച്ച പ്രതിരോധതാരം അന്‍വര്‍ അലി മുംബൈ സിറ്റി എഫ് സിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

30 ലക്ഷം രൂപയ്ക്കാണ് 17കാരനായ താരത്തെ മുംബൈ മിനര്‍വ്വ പഞ്ചാബില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മിനര്‍വ്വ പഞ്ചാബ് അക്കാദമിയില്‍ 14ാമത്തെ വയസ്സില്‍ എത്തിയെങ്കിലും അന്‍വര്‍ അലി ഇപ്പോള്‍ എ ഐ എഫ് എഫ് ഡവലപ്‌മെന്റല്‍ ടീം ഇന്ത്യന്‍ ആരോസിന് വേണ്ടിയാണ് കളിക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി താരത്തിന് ഒരു വര്‍ഷത്തെ ബോണ്ട് കൂടി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത സീസണിലും താരം ഐ ലീഗില്‍ ആരോസിന് വേണ്ടി കളിക്കും. 2019-20 സീസണില്‍ മാത്രമേ, മുംബൈയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയൂ.