SHARE

എമേര്‍ജിംഗ് ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്തുവിട്ട് യുഎഇ. കറാച്ചിയില്‍ നടക്കുന്ന ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് യുഎഇ 97 റണ്‍സിന് ശക്തരായ ബംഗ്ലാദേശിനെ വീഴ്ത്തിയത്. ആദ്യം ബാറ്റുചെയ്ത യുഎഇ 49.4 ഓവറില്‍ 267 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാ ഇന്നിംഗ്‌സ് 36.5 ഓവറില്‍ 170 റണ്‍സില്‍ അവസാനിച്ചു.

ബംഗ്ലാദേശ് അണ്ടര്‍ 23 ടീമിനെയാണ് അണിനിരത്തിയത്. ടീമില്‍ നാലു അന്താരാഷ്ട്ര താരങ്ങളും ഉണ്ടായിരുന്നു. യുഎഇ അവരുടെ ദേശീയ ടീമിനെ തന്നെയാണ് കളിപ്പിച്ചത്. ഗുലാം ഷാബീര്‍ (52), രോഹന്‍ മുസ്തഫ (40), ഷൈമാന്‍ അന്‍വര്‍ (34) എന്നിവരാണ് അവര്‍ക്കായി തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ നല്ല തുടക്കത്തിനുശേഷം ബംഗ്ലാദേശ് തകരുകയായിരുന്നു. 43 റണ്‍സെടുത്ത ഓപ്പണര്‍ മിസനൂര്‍ റഹ്മാനാണ് ടോപ് സ്‌കോറര്‍. ഒരുഘട്ടത്തില്‍ ഏഴിന് 99 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. വാലറ്റ് ഷഫിയൂര്‍ ഇസ്ലാം (32), ഷോരിഫുള്‍ ഇസ്ലാം (31) എന്നിവര്‍ നടത്തിയ ചെറുത്തുനില്പാണ് നാണക്കേട് കുറച്ചത്.