SHARE

യു.എ. ഇ ക്രിക്കറ്റ് ടീമിന്റെ പ്രധാന പേസ് ബൗളറാണ് മൊഹമ്മദ് നവീദ്. ക്രിക്കറ്റിൽ സമീപകാലത്ത് യു.എ.ഇ പുറത്തെടുത്ത മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ താരം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്‌. ഇപ്പോളിതാ ഈ മാസാവസാനം നടക്കാനിരിക്കുന്ന കാനഡ ഗ്ലോബൽ ടി20 ലീഗിൽ കളിക്കാൻ തയ്യാറെടുക്കുകയാണ് അദ്ദേഹം.

കാനഡ ടി20 ലീഗിനെത്തുമ്പോൾ നവീദിന് ഒരു ചെറിയ ലക്ഷ്യം കൂടിയുണ്ട്, മറ്റൊന്നുമല്ല താൻ ഏറെ ആരാധിക്കുന്ന ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ വിക്കറ്റ് വീഴ്ത്തുക. കഴിഞ്ഞ 6 മാസത്തിനിടയിൽ സൂപ്പർ താരങ്ങളായ ക്രിസ് ഗെയിലിന്റെയും, ഷഹീദ് അഫ്രീദിയുടേയും വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള തനിക്ക് വാർണറെയും പുറത്താക്കാൻ കഴിയുമെന്നാണ് നവീദിന്റെ വിശ്വാസം.

“ലോകത്തെ ഏറ്റവും ആകണകാരിയായ ബാറ്റ്സ്മാന്മാരിലൊരാളാണ് വാർണർ. അദ്ദേഹത്തെപ്പോലെ ആക്രമണകാരികളായ ഗെയിലിനേയും, അഫ്രീദിയേയും പുറത്താക്കാൻ തനിക്ക് കഴിഞ്ഞു. അത് പോലെ തന്നെ ഈ വിക്കറ്റും സ്വന്തമാക്കാൻ തനിക്ക് കഴിയും. കഴിയണം..” നവീദ് പറഞ്ഞു. കാനഡ ടി20 ലീഗിൽ ഓസീസ് താരം സ്റ്റീവ് സ്മിത്ത് കളിക്കുന്ന ടോറൊന്റോ നാഷണൽസ് ടീമിലാണ് നവീദുമുള്ളത്. പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒരു വർഷ വിലക്ക് നേരിടുന്ന വാർണറുടേയും, സ്മിത്തിന്റെയും ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ടൂർണമെന്റ് കൂടിയാണ് കാനഡ ഗ്ലോബൽ ടി20.