SHARE

ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡേവിഡ് മില്ലറിനേയും, വിൻഡീസ് സൂപ്പർ ഓൾ റൗണ്ടർ ആന്ദ്രെ റസലിനേയും പ്രമുഖ യു.എ.ഇ ടി20 ലീഗിന്റെ ഐക്കൺ താരങ്ങളായി പ്രഖ്യാപിച്ചു. മൊത്തം അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ബാക്കിയുള്ള മൂന്ന് ടീമുകളുടെ ഐക്കൺ താരങ്ങളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിനെ പരമ്പരയുടെ ബ്രാൻഡ് അംബാസഡറായും പ്രഖ്യാപിച്ചിരുന്നു.

ഈ വർഷാവസാനമാണ് പ്രഥമ യു.എ.ഇ ടി20 ലീഗ് ആരംഭിക്കുന്നത്. 2018 ഡിസംബർ 19 ന് ആരംഭിച്ച് 2019 ജനുവരി 11 വരെ നീളുന്ന യു.എ.ഇ ലീഗിൽ 5 ടീമുകളാണ് കളിക്കുക. ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലായി മൊത്തം 24 മത്സരങ്ങൾ ലീഗിലുണ്ടാവും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓരോ ടീമിലും 16 താരങ്ങൾ വീതമായിരിക്കും ഉണ്ടാവുക. ഇതിൽ ആറ് വിദേശ താരങ്ങൾ വരെയാകാം.

സ്വന്തം നാട്ടിലെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന് പകരം ക്രിക്കറ്റിനെ രാജ്യത്ത് കൂടുതൽ ജനകീയമാക്കുകയെന്ന ലക്ഷ്യവുമായാണ് യു.എ.ഇ ക്രിക്കറ്റ് ബോർഡ് ഈ ടി20 ടൂർണമെന്റ് നടത്താനൊരുങ്ങുന്നത്.