SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ യുവന്റസിനെതിരെ തകർപ്പൻ ജയം നേടി ചെൽസി. സ്വന്തം ​ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ​ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ എതിരില്ലാത്ത നാല് ​ഗോളിനാണ് ചെൽസി ഇറ്റാലിയൻ വമ്പന്മാരെ തകർത്തത്. ട്രെവ ചലബോ, റീസ് ജെംയിംസ്, കല്ലം ഹഡ്സൻ ഒഡോയ്, ടിമോ വെർണർ എന്നിവരാണ് മത്സരത്തിൽ ചെൽസിക്കായി വലകുലുക്കിയത്. ജയത്തോടെ ചെൽസി പ്രീക്വാർട്ടർ സ്പോട്ട് ഉറപ്പിച്ചു.

​ഗ്രൂപ്പ് എഫിൽ നടന്ന പോരാട്ടത്തിൽ സ്പാനിഷ് ക്ലബ് വിയ്യാറയലിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡും പ്രീക്വാർട്ടർ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ജേഡൻ സാ‍ഞ്ചോ എന്നിവരാണ് യുണൈറ്റഡിനായി വലകുലുക്കിയത്. ​ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെ സ്വിസ് ക്ലബ് യങ് ബോയ്സ് സമനിലയിൽ തളച്ചു. ഇരുടീമുകളും മൂന്ന് ​ഗോൾ വീതം നേടി.

​ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ ഡൈനാമോ കീവിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിച്ച് ​ഗ്രൂപ്പ് ജേതാക്കളായി. റോബർട്ട് ലെവൻഡോവ്സ്കി, കിങ്സ്ലി കോമാൻ എന്നിവരാണ് ബയേണിനായി വലകുലുക്കിയത്. ഡെനിസ് ഹർമാഷ് കീവിനായി ഏക​ഗോൾ നേടി. ​ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തിൽ ബാഴ്സലോണയെ പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്ക ​ഗോൾരഹിത സമനിലയിൽ തളച്ചു.