SHARE

യൂറോപ്പ ലീഗ് ഫൈനലിന് മുന്നോടിയായി ചെൽസി‌ടീം നടത്തിയ അവസാന ഘട്ട പരിശീലനത്തിനിടെ ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത് ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക്. പരിശീലനത്തിനിടെ ചെൽസി താരങ്ങളായ ഗോൺസാലോ ഹിഗ്വെയിനും, ഡേവിഡ് ലൂയിസും തമ്മിൽ വഴക്കിട്ടതും തുടർന്ന് ഇതിന്റെ ദേഷ്യത്തിൽ പരിശീലകൻ മൗറീസിയോ സാരി ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോയതുമാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്.

ആഴ്സനലിനെതിരായ യൂറോപ്പ ലീഗ് ഫൈനൽ മത്സരത്തിന് മുന്നോടിയായി അസർബൈജാനിൽ നടന്ന പരിശീനത്തിനിടെയായിരുന്നു സംഭവം. പരിശീലനത്തിനിടെ ബ്രസീൽ താരമായ ഡേവിഡ് ലൂയിസിന്റെ കൈ മുട്ട് ഹിഗ്വെയിന്റെ ശരീരത്ത് കൊള്ളുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ഇരുവരും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് വാക്കുതർക്കം നടന്നു. ചെൽസി‌ നായകൻ സെസാർ അസ്പിലിക്യൂട്ട ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ സംഭവമെല്ലാം കണ്ട് നിന്ന പരിശീലകൻ സാരി, രോഷത്തോടെ പരിശീലന സെഷനിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പുറത്തേക്ക് പോകുന്നതിനിടെ സാരി ദേഷ്യത്തിൽ തന്റെ തൊപ്പി നിലത്തേക്ക് വലിച്ചെറിഞ്ഞു. സംഭവം വലിയ വിവാദമായതോടെ പ്രശ്നക്കാരായ താരങ്ങളെ വിമർശിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.