SHARE

യുവേഫയുടെ 55 അംഗരാജ്യങ്ങളും പങ്കെടുക്കുന്ന നേഷന്‍സ് കപ്പിന് ഇന്ന് തുടക്കം. അടുത്ത ജൂണ്‍ വരെ നീണ്ടു നില്ക്കുന്ന നേഷന്‍സ് കപ്പിന്റെ ആദ്യ ദിനത്തില്‍ ഇന്ന് രാത്രി 12.15ന് ഫ്രാന്‍സും ജര്‍മനിയും ഏറ്റുമുട്ടും. യൂറോ കപ്പിനു യോഗ്യത നേടാനുള്ള ഒരു മാര്‍ഗം കൂടിയാണ് നേഷന്‍സ് കപ്പ്. ഇതാദ്യമായാണ് യുവേഫ നേഷന്‍സ് കപ്പ് അരങ്ങേറുന്നതെന്ന പ്രത്യേകതയുമുണ്ട്.

യൂറോ കപ്പില്‍ യോഗ്യതാ റൗണ്ടിലൂടെയാണ് ടീമുകള്‍ എത്തുന്നതെങ്കില്‍ അതില്‍നിന്നു വ്യത്യസ്തമാണ് നേഷന്‍സ് കപ്പ്. യുവേഫയില്‍ അംഗത്വമുള്ള 55 രാജ്യങ്ങള്‍ക്കും നേഷന്‍സ് കപ്പില്‍ പങ്കെടുക്കാം. ടീമുകളുടെ റാങ്കിംഗ് പ്രകാരം നാല് ലീഗുകളായി തിരിച്ചാണ് മത്സരം. ലീഗ് എ, ലീഗ് ബി, ലീഗ് സി, ലീഗ് ഡി എന്നിവയാണവ.

ലീഗ് എയിലും ബിയിലും 12 ടീമുകള്‍ വീതവും സിയില്‍ 15ഉം ഡിയില്‍ 16ഉം ടീമുകളാണുള്ളത്. പ്രാഥമിക ഘട്ടം സെപ്റ്റംബര്‍മുതല്‍ നവംബര്‍വരെയായി നടക്കും. 2019 ജൂണ്‍ ആദ്യവാരം സെമിഫൈനലും അവസാന വാരം ഫൈനലും നടക്കും. രണ്ടുവര്‍ഷത്തിലൊരിക്കലാണ് നാഷന്‍സ് ലീഗ് നടക്കുക.